ശബരിമല സ്വര്‍ണക്കൊള്ള: എൻ വാസുവിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി; ഡിസംബര്‍ മൂന്നിന് വിധി 

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയിൽ വിധി പറയും. എൻ.വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു. 

Advertisements

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ എൻ.വാസു വിരമിച്ചു. വാസുവിന്‍റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു. മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് എൻ. വാസു ചെയ്തത്. അതിനെ ശുപാർശ ചെയ്തുവെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷ്ണര്‍ കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷയിൽ 29 ന് വിധി പറയും. കേസില്‍ സിപിഎം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള എസ്ഐടി അപേക്ഷ നാളെയാണ് പരിഗണിക്കുക.

പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്കും സാധ്യതയുണ്ടെന്നാണ് വിവരം. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകി. നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവരെയാണ് കൈവിലങ്ങ് വെക്കേണ്ടത് തുടങ്ങിയ നിയമകാര്യങ്ങളൊന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്. എസ്ഐടി ഉദ്യോഗസ്ഥരും അറിയാതെയാണ് ഇത് നടന്നതെന്നും എആര്‍ ക്യാമ്പിലെ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സൂചന.

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസുകാർ. ബോധപൂർവ്വം ചെയ്തതല്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. എ ആര്‍ ക്യാമ്പിലെ ഒരു എസ് ഐയും നാലു പൊലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിന്‍റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാര്‍ പറയുന്നു. സംഭവത്തില്‍ എആര്‍ കമാണ്ടൻ്റാണ് അന്വേഷണം നടത്തുന്നത്.

എൻ വാസുവിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

എൻ വാസുവിന്‍റെ റിമാൻഡ് കാലാവധി ഇന്നലെ 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവിറക്കിയത്. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കോടതിയിൽ നിന്ന് വാസുവിനെ ഇറക്കുന്ന സമയത്തായിരുന്നു പ്രതിഷേധം. പത്മകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്. പോറ്റി സർക്കാരിനെയും സമീച്ചിരുന്നുവെന്ന മൊഴിയിലും കൂടുതൽ വ്യക്തതയുണ്ടാക്കും.

അതേസമയം, ശബരിമല സ്വര്‍ണ്ണമോഷണക്കേസിൽ അറസ്റ്റിലായ എ പത്മകുമാറിനെതിരായ സിപിഎം നടപടി വൈകും. വിശ്വസിച്ച് ചുമതലയേൽപ്പിച്ചവര്‍ വഞ്ചിച്ചെന്ന് പറയുമ്പോഴും നടപടിക്ക് കുറ്റപത്രം വരുന്നതുവരെ കാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. സ്വര്‍ണ്ണമോഷണക്കേസിൽ റിമാന്‍റിലായിട്ടും സിപിഎം പത്മകുമാറിനെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശബരിമല സ്വര്‍ണ്ണമോഷണ കേസിൽ റിമാന്‍ഡിലായ പത്മകുമാറിനോടുള്ള നിലപാടിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ എംവി ഗോവിന്ദൻ പറഞ്ഞു. 

എന്നാൽ, ശബരിമല സ്വര്‍ണ്ണമേഷണക്കേസിൽ ഉൾപ്പെട്ട ആര്‍ക്കും സംരക്ഷണം ഉണ്ടാകില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോൾ നടപടി വൈകുന്നതെന്തിനെന്നാണ് പ്രതിപക്ഷ ചോദ്യം. ശബരിമല സ്വര്‍ണ മോഷണക്കേസിൽ അന്വേഷണ സംഘം ഒന്നിന് പുറകെ ഒന്നായി പാര്‍ട്ടി നേതാക്കളിലേക്ക് എത്തുന്നത് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് . അതേസമയം, തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.

Hot Topics

Related Articles