ന്യൂഡൽഹി :രാജ്യത്ത് വിമാനയാത്ര വീണ്ടും പ്രതിസന്ധിയിലേക്ക്, ഇന്നും നിരവധി സർവീസുകൾ റദ്ദാകാൻ സാധ്യത. അന്തർദേശീയവും ആഭ്യന്തരവുമായ സർവീസുകൾ താറുമാറാകുമെന്ന മുന്നറിയിപ്പാണ് ഇൻഡിഗോ നൽകിയിരിക്കുന്നത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഇന്നലെ രാത്രി മുതൽ പ്രതിഷേധവും തിരക്കും തുടരുകയാണ്. അടിയന്തര യാത്രകൾക്കെത്തുന്നവർക്കുപോലും മണിക്കൂറുകളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് വിമാനത്താവളങ്ങളിലുടനീളം.
വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ റെയിൽവേ അടിയന്തര ഇടപെടലുമായി മുന്നോട്ട് വന്നു. യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യാൻ 37 ട്രെയിനുകളിലായി 117 അധിക കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ട്രെയിൻ യാത്രയ്ക്കുള്ള തിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഈ നടപടി.ഇന്നലെ മാത്രം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി ആയിരത്തിലധികം സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. സാഹചര്യം നിയന്ത്രിക്കാൻ വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളിൽ താൽക്കാലിക ഇളവ് നൽകിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിസന്ധിയുണ്ടാക്കാൻ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നാല് അംഗ സമിതി ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. സമിതി ഈ മാസം 15-ന് റിപ്പോർട്ട് സമർപ്പിക്കും.കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ സർവീസുകളും വൈകല്യങ്ങൾ തുടരുന്ന സാഹചര്യത്തിലാണ്. മാറ്റം വന്ന സമയം മുൻകൂട്ടി പരിശോധിക്കണമെന്ന് ഇൻഡിഗോ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ww.cial.aero വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവീസുകളുടെ പുതിയ സ്റ്റാറ്റസ് ഉറപ്പാക്കണമെന്നും നിർദേശം.


