കൊല്ലം എറണാകുളം മെമുവിൽ യാത്രക്കാർ കുഴഞ്ഞു വീണു – കൂടുതൽ മെമുവിന് സർവീസിന് വേണ്ടിയുള്ള മുറവിളി ഉയരുന്നു

കോട്ടയം : വഴി സർവീസ് നടത്തുന്ന 66308 കൊല്ലം എറണാകുളം മെമുവിൽ ഇന്നലെയും രണ്ടു യാത്രക്കാർക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് വൈദ്യ സഹായം വൈകിയതിലും വ്യാപകമായ പരാതി ഉയർന്നു. നിലവിൽ കൊല്ലത്ത് നിന്ന് സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ കായംകുളം എത്തുന്നതിന് മുമ്പ് തന്നെ വാതിൽപ്പടി വരെ യാത്രക്കാരെക്കൊണ്ട്‌ നിറയുകയാണ്. പിന്നീടുള്ള സ്റ്റേഷനിൽ നിന്നും ഉൾക്കൊള്ളാൻ പറ്റുന്നതിലും പരമാവധി യാത്രക്കാരെക്കൊണ്ടാണ് കോട്ടയം സ്റ്റേഷനിൽ എത്തുന്നത്. ഇറങ്ങാൻ ഉള്ള യാത്രക്കാരെക്കാൾ നാലിരട്ടി എല്ലാ സ്റ്റേഷനിൽ നിന്നും കയറാൻ കാത്തു നിൽപ്പുണ്ടാവും. വായു സഞ്ചാരം പോലുമില്ലാതെ വീർപ്പുമുട്ടിയാണ് കോട്ടയത്ത്‌ നിന്ന് ട്രെയിൻ യാത്ര തുടരുന്നത്. ഒരു മണിക്കൂറിലേറെ ഒറ്റക്കാലിൽ നിൽക്കേണ്ടി വരുന്നവരുടെ ദുരവസ്ഥ പലതവണ വിളിച്ചുപറഞ്ഞിട്ടും അധികാരികളുടെ കണ്ണു തുറക്കുന്നില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് ജെ. ആരോപിച്ചു. തിരക്കുള്ള പകൽ സമയങ്ങളിൽ സമീപ ജില്ലകളെ ബന്ധിപ്പിച്ച് കൂടുതൽ മെമു സർവീസ് വേണമെന്നത് അസോസിയേഷന്റെ വർഷങ്ങളായുള്ള ആവശ്യമാണ്

Advertisements

പ്രീമിയം ട്രെയിനുകളിൽ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സാധാരണക്കാർ ആശ്രയിക്കുന്ന മെമു ട്രെയിനുകളിലെ യാത്രാക്ലേശം അതിരൂക്ഷമായതായി ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം പ്രതികരിച്ചു. ദിവസവും നിരവധിപ്പേർ മെമു, പാസഞ്ചർ ട്രെയിനുകളിൽ കുഴഞ്ഞു വീഴുമ്പോഴും അടിസ്ഥാന സൗകര്യം പോലും ഒരുക്കുന്നതിൽ റെയിൽവേ വീഴ്ച വരുത്തുകയാണ്. 8 കൊച്ചിലാണ് കേരളത്തിലെ ഏറ്റവും തിരക്കുള്ള 06169 കൊല്ലം -എറണാകുളം സ്പെഷ്യൽ മെമു, 66315 കോട്ടയം- കൊല്ലം മെമു ട്രെയിനുകൾ സർവീസ് നടത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച പരിമിതമായ റേക്കുകൾ ഉപയോഗിച്ച് തിരുവനന്തപുരം ഡിവിഷൻ പരമാവധി സർവീസ് നടത്തുന്നുണ്ട്. എന്നാൽ കൂടുതൽ കോച്ചുകൾ പോലും അനുവദിക്കാതെ വലിയ ദുരിതത്തിലേക്ക് യാത്രക്കാരെ തള്ളിവിടുകയാണ് റെയിൽവേ. വൈകുന്നേരം എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്കും സമാനതകളില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കോട്ടയം ഭാഗത്തേയ്ക്ക് ഉച്ചയ്ക്കുള്ള പരശുറാമിന് ശേഷം നീണ്ട ഇടവേളകൾക്ക് ശേഷം തൃപ്പൂണിത്തുറയിലെത്തുന്ന വേണാടിൽ യാത്രക്കാർ വാതിൽപ്പടിയിൽ തൂങ്ങിക്കിടന്ന് അപകടകരമായ സാഹചര്യത്തിലാണ് യാത്ര തുടരുന്നത്. ഉച്ചയ്ക്ക് ശേഷം ഒരു പുതിയ സർവീസ് വളരെ അനിവാര്യമാണെന്നും നിലവിലെ അപകട സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതർക്ക് കത്ത് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലപ്പുഴയിൽ നിന്ന് രാവിലെ എറണാകുളത്തേയ്ക്കുള്ള തിരക്കും പരിഹാരമില്ലാതെ തുടരുകയാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി നൗഷിൽ പറയുന്നു. മാധ്യമങ്ങളും ജനപ്രതിനിധികളും ആഘോഷിച്ച 16 കോച്ചുകളുള്ള മെമു നാമമാത്രമായ ദിവസമാണ് ആലപ്പുഴ വഴി സർവീസ് നടത്തിയത്.

തിരക്കിനൊപ്പം സിംഗിൾ ലൈനിൽ മറ്റു ട്രെയിനുകൾ കടന്നുപോകാൻ പിടിച്ചിടുകയും ചെയ്യുന്നതോടെ തീർത്തും അവശരയാണ് യാത്രക്കാർ എന്നും എറണാകുളമെത്തുന്നത്.വൈകുന്നേരം 06.25 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കായംകുളം പാസഞ്ചറിലും സ്ഥിതി വ്യത്യസ്തമല്ല. പ്രീമിയം ട്രെയിനുകൾ കേരളത്തിന് അനുവദിക്കുമ്പോഴും സിംഹഭാഗം വരുന്ന യാത്രക്കാർ കടുത്ത നിരാശയിലാണെന്ന് മെമു ട്രെയിനുകളിലെ അനുഭവങ്ങൾ അടിവരയിടുകയാണ്.

Hot Topics

Related Articles