കോട്ടയം : കുടുംബശ്രീയുടെ മീറ്റ് പോയിന്റ് ടേക് എവേ കൗണ്ടറുകൾക്ക് തുടക്കമായി. പ്രഭാത ഭക്ഷണം,രാത്രി ഭക്ഷണം, ലഘു ഭക്ഷണങ്ങൾ എന്നിവയാണ് ഇതുവഴി ലഭ്യമാവുക. ആദ്യഘട്ടമായി ജില്ലയിൽ നാല് കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചു. കുറവിലങ്ങാട് – കോഴ, പാമ്പാടി, മാടപ്പള്ളി, സംക്രാന്തി, എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ ആരംഭിച്ചത്. ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗെട്ട്സ്, കബാബ്, മോമോസ്, സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്സ്, ചിക്കൻ ബ്രീഡഡ് പോപ്സ്, ചിക്കൻ മീറ്റ് ബേൾസ്, എന്നിങ്ങനെ വിവിധ വിഭവങ്ങളും ഇതിലൂടെ ലഭ്യമാകും.
ഭക്ഷ്യവിഭവങ്ങളുടെ ഗുണമേന്മ, അടിസ്ഥാന സൗകര്യങ്ങൾ, എന്നിവയിലടക്കം ഏകീകൃത മാതൃകയിലാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ കഫെ, കാന്റീൻ യൂണിറ്റുകൾക്ക് സ്ഥിര വരുമാന മാർഗം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയുടെ തുടക്കം. തിരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങൾക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ഭക്ഷ്യവിഭവങ്ങൾ, ചേരുവകൾ തയ്യാറാക്കൽ, ഫുഡ് പാക്കിംഗ്, പർച്ചേസിംഗ് മാർക്കറ്റിംഗ് എന്നിവയിലടക്കം മികച്ച പരിശീലനം ലഭ്യമാക്കും. ടേക്ക് എവേ കൗണ്ടറുകൾ എല്ലായിടത്തും പൂർത്തിയാകുന്നതോടെ 200ലേറെ വനിതകൾക്ക് സുസ്ഥിര തൊഴിലും വരുമാനവും ലഭ്യമാകും.


