ഏറ്റുമാനൂർ : കോടതിക്ക് സമീപമുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ പ്രവർത്തിക്കുന്ന കെഎസ്ഇബിയുടെ ഡംപിങ് യാർഡിൽ വൻ തീപിടുത്തം. കാടും പടർപ്പും നിറഞ്ഞ പ്രദേശത്ത് ആളിപ്പടർന്ന തീയിൽ കെഎസ്ഇബിയുടെ നിരവധി മരത്തൂണുകൾ കത്തിനശിച്ചു.
കോട്ടയത്ത് നിന്നെത്തിയ അഗ്നിശമനസേന യൂണിറ്റ് ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.ഇലക്ട്രിക് ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഏറ്റുമാനൂർ സ്വദേശി അഡ്വ. പ്രശാന്ത് രാജൻ ഉടൻ തന്നെ കോട്ടയം ഫയർഫോഴ്സിനെ വിവരമറിയിച്ചു. അപകടം നടന്നയുടൻ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വലിയ അപകടം ഒഴിവാക്കി.
കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തീപിടുത്ത സാധ്യത വർദ്ധിച്ചുവരികയാണ്. ഏറ്റുമാനൂരിൽ ഒരു ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.ഏറ്റുമാനൂരിൽ ഫയർ സ്റ്റേഷൻ നിർമ്മിക്കാനായി നിർദ്ദേശിക്കപ്പെട്ട സ്ഥലത്താണ് ഇപ്പോൾ തീപിടുത്തം ഉണ്ടായിരിക്കുന്നത്.
ഏറ്റുമാനൂരിൽ കെഎസ്ഇബിയുടെ ഡബ്ബിങ് യാർഡിന് തീപിടിച്ചു : ഒഴിവായത് വൻ ദുരന്തം

Advertisements

