കബോഡിയയിൽ നിന്നും വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്: ഓൺലൈൻ തട്ടിപ്പിലൂടെ 1.13 കോടി രൂപ തട്ടിയെടുത്ത കേസിൽ മാവേലിക്കര സ്വദേശി അറസ്റ്റിൽ 

കോട്ടയം: ഓൺലൈൻ തട്ടിപ്പിലൂടെ ഒരുകോടി 13 ലക്ഷം രൂപ അപഹരിച്ച  കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മാവേലിക്കര നൂറനാട് പാറ്റൂർ പുലിമേൽ ഭാഗത്ത് അനീഷ് ഭവൻ വീട്ടിൽ അഖിൽ എ (25)യെയാണ് ചിങ്ങവനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.  ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മെർലിൻ ജേക്കബ് എന്ന വ്യാജ പേരിൽ വിദേശരാജ്യമായ കമ്പോഡിയയിൽ നിന്നും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ടെലെഗ്രാമിലും പ്രൊഫൈൽ ഉണ്ടാക്കിയാണ് പ്രതികൾ തട്ടിപ്പിന് തുടക്കമിട്ടതെന്നു പൊലീസ് കണ്ടെത്തി. 

Advertisements

കുറിച്ചി സ്വദേശിയുമായി  സൗഹൃദം സ്ഥാപിച്ച് അതുവഴി മറ്റു പ്രതികളുടെ സഹായത്തോടെ ഓൺലൈൻ ട്രേഡിങ്ങ് വഴി തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു. പ്രതിയും കൂട്ടാളികളും ചേർന്ന് തയ്യാറാക്കിയ ടെലഗ്രാം അക്കൗണ്ടിൽ പരാതിക്കാരനെ  ട്രേഡിംഗിന് വേണ്ടി രജിസ്റ്റർ ചെയ്യിച്ചു.  തുടർന്ന് പരാതിക്കാരന്റെയും  മറ്റും ബാങ്ക് അക്കൗണ്ട് മുഖാന്തിരം 2025 ലെ വിവിധ കാലയളവുകളിലാണ് 1.13 കോടി രൂപ തട്ടിയെടുത്തത്. കേസിൽ അന്വേഷണം നടത്തിയ ചിങ്ങവനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപ് എസ്സിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. 

Hot Topics

Related Articles