ദില്ലി: തിരുവല്ലയിലെ വിവാദ ബാങ്കറായ എൻ.എം.രാജുവിൽ നിന്ന് രണ്ട് കോടി വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തിൽ ആൻ്റോ ആൻ്റണി എംപിക്കെതിരെ വിജിലൻസിന് പരാതി. സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. പണമിടപാട് ആരോപണത്തിൽ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എൻ എം രാജുവിനെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. എൻഎം രാജുവിന്‍റെ വെളിപ്പെടുത്തൽ വൻ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. മറുപടിയുമായി ആന്‍റോ ആന്‍റണി രംഗത്തെത്തിയിരുന്നു.
ആന്‍റോ ആന്‍റണി എംപി തെരഞ്ഞെടുപ്പ് കാലത്ത് രണ്ട് കോടി രൂപ വായ്പ വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്ന ആരോപണവുമായിട്ടാണ് തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ.എം.രാജു രംഗത്തെത്തിയത്. സ്വർണ്ണകൊള്ള കേസ് പ്രതി തന്ത്രി കണ്ഠരര് രാജീവര് തന്‍റെ ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നെന്ന സിപിഎം ആരോപണം നിഷേധിച്ചു നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാജുവിന്‍റെ വെളിപ്പെടുത്തൽ. അതേസമയം, തെരഞ്ഞെടുപ്പ് സംഭാവനയായി വാങ്ങിയ പണം തിരികെ നൽകിയെന്നു പറഞ്ഞ ആന്‍റോ, കണക്ക് പുറത്തുവിടാൻ തയ്യാറായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്ത്രി കണഠരര് രാജീവരുടെ പണം തിരുവല്ലയിലെ എൻ.എം. രാജുവിന്‍റെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ബാങ്ക് പൊളിഞ്ഞപ്പോൾ ഈ പണം ആന്‍റോ ആന്‍റണി എംപി വാങ്ങികൊണ്ടുപോയി. സ്വർണ്ണകൊള്ള കേസുമായി ചേർത്തുവെച്ചു എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട സിപിഎം ആരോപണം നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ പൂർണ്ണമായി തള്ളി. എന്നാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രണ്ട് കോടി രൂപ ആന്‍റോ ആന്‍റണി വായ്പയായി കൈപ്പറ്റിയെന്നും ബാങ്ക് പൊളിഞ്ഞ കാലത്ത് പണം തിരികെ ചോദിച്ചപ്പോൾ 20 ലക്ഷം മാത്രമാണ് തിരികെ നൽകിയതെന്നും എൻ.എം രാജു പറയുന്നു.
സ്വർണ്ണകൊള്ള ആരോപണത്തിൽ ഒരുവേള ആശ്വാസം ലഭിച്ച ആന്‍റോ പക്ഷെ രാജുവിന്‍റെ പുതിയ ആരോപണത്തിൽ പെട്ടു. പണം സംഭാവനയായി വാങ്ങിയെന്ന് സമ്മതിക്കുന്ന ആന്‍റോ, അത് തിരികെ നൽകിയെന്ന് മാത്രം ആവർത്തിക്കുന്നു. കണക്ക് ചോദിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ എല്ലാ കണക്കും ബോധിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആന്‍റോ ആന്‍റണി എൻഎം രാജു നിയമപരമായി നീങ്ങട്ടയെന്ന നിലപാടിലാണ്. ഇ.ഡി. യുടെ ഉൾപ്പെടെ റഡാറിൽ ഉള്ള സ്ഥാപനമാണ് നിക്ഷേപ തട്ടിപ്പിൽ പൊളിഞ്ഞ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്. സംസ്ഥാനമൊട്ടാകെ കേസുകളുമുണ്ട്.


