ടി വി കെയുടെ സേലത്തെ പൊതുയോഗത്തിന് പൊലീസ് അനുമതി; വിജയ്ക്ക് മുൻപിൽ വെച്ചിരിക്കുന്നത് കനത്ത ഉപാധികൾ

സേലം: തമിഴ്നാട് വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് പങ്കെടുക്കുന്ന സേലത്തെ പൊതുയോഗത്തിന് ഉപാധികളോടെ പൊലീസ് അനുമതി നൽകി. വരും വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കും ഇടയിൽ യോഗം നടത്താനാണ് അനുമതി നൽകിയത്. വിജയ് എത്തുന്ന പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കാൻ പാടില്ലെന്നും ക്രമസമാധാനം ഉറപ്പാക്കണമെന്നും കർശന നിർദ്ദേശമുണ്ട്. 

Advertisements

ഏകദേശം 5000 പേർ പങ്കെടുക്കുന്ന യോഗത്തിനാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്. കരൂർ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ടി വി കെയുടെ റാലിക്ക് കടുത്ത ഉപാധികൾ മുന്നോട്ടുവച്ചിരിക്കുന്നത്. കരൂർ ദുരന്തത്തിന് ശേഷം ഇൻഡോർ പരിപാടികളുമായി മുന്നോട്ട് പോയിരുന്ന വിജയ്, ടി വി കെയുടെ ശക്തി പ്രകടിപ്പിക്കാനുള്ള നീക്കമായാണ് വീണ്ടും പൊതുയോഗത്തിനിറങ്ങുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് ശേഷമുള്ള വിജയ്‌യുടെ നീക്കങ്ങൾ വലിയ ആവേശത്തോടെയാണ് ആരാധകരും അണികളും ഉറ്റുനോക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംജിആറിന്‍റെ പിൻഗാമിയാകാൻ നീക്കം

മുൻ മുഖ്യമന്ത്രി ജയലളിത പ്രസംഗിച്ചിരുന്ന സേലത്തെ ശങ്കഗിരിക്ക് സമീപത്തെ വേദിയാണ് വിജയും കണ്ണുവയ്ക്കുന്നത്. എം ജി ആറിന്റെ രാഷ്ട്രീയ പിൻഗാമി താനാണെന്ന അവകാശവാദം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് വിജയ്‌ ശങ്കഗിരി തെരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ. എം ജി ആറിന്‍റെ പിൻഗാമിയായി എ ഐ എ ഡി എം കെ തലപ്പത്തെത്തിയ ജയലളിതയുടെ സേലത്തെ സ്ഥിരം വേദിയായിരുന്നു ഇത്. 

സേലം എ ഐ എ ഡി എം കെയുടെയും ജയലളിതയുടെയും ഉറച്ച കോട്ടയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ജയലളിത എന്നുപം സേലത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ അവരുടെ പല റാലികളും ശങ്കഗിരിക്ക് സമീപത്തെ ഇതേ മൈതാനത്താണ് നടന്നത്. ഇത് തന്നെയാണ് വിജയും ലക്ഷ്യമിടുന്നതെന്നാണ് വ്യക്തമാകുന്നത്. 

വൻ ജനപങ്കാളിത്തത്തോടെ പൊതുയോഗം നടത്തി എം ജി ആറിന്‍റെ പിൻഗാമിയെന്ന വാദം ശക്തമാക്കുകയാണ് നീക്കം. വിജയിന്‍റ അവകാശവാദത്തെ എ ഐ എ ഡി എം കെ ശക്തമായി എതിർക്കുന്നതിനിടെയാണ്, അവരുടെ കരുത്തുറ്റ കോട്ടയായ സേലത്ത് തന്നെ ശങ്കഗിരി തെരഞ്ഞെടുത്ത് വലിയ പരിപാടി നടത്താനുള്ള ടി വി കെയുടെ പുതിയ നീക്കം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Hot Topics

Related Articles