തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പായ്ക്ക് പൂട്ടിട്ട് കോർപറേഷൻ. ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് നടപടി.കഴിഞ്ഞ ദിവസമാണ് യുവതിക്ക് മോശം അനുഭവമുണ്ടായെന്ന വിവരം അറിഞ്ഞതെന്നും ഇതിനെ തുടർന്നാണ് പരിശോധന നടത്താൻ നിർദേശം നല്‍കിയതെന്നും മേയർ വിവി രാജേഷ് പറഞ്ഞു.
പരാതി ലഭിച്ച ഉടൻ തന്നെ അധികൃതർ പരിശോധന നടത്തി നടപടികള്‍ സ്വീകരിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച സ്പായുടെ ഒരു വിഭാഗമാണ് ഉദ്യോഗസ്ഥർ പൂട്ടിയത്. വലിയ നിയമലംഘനമാണ് സ്പായുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്നാണ് മേയർ പറയുന്നത്. സെക്രട്ടറിയേറ്റിന് നേരെ എതിർവശത്ത് പ്രവർത്തിക്കുന്ന സ്പായില്‍ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. പിന്നാലെ പോലീസും സ്ഥലത്തെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്പായിലെ പ്രീമിയം വിഭാഗം കെട്ടിടം പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് കണ്ടെത്തിയതോടെ ഈ വിഭാഗമാണ് പൂട്ടിയത്. ഇവിടെ ക്രോസ് മസാജിങ് നടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കും എന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ പരാതി പൊലീസിനെ അറിയിച്ചതായി മേയർ പറഞ്ഞു.
അനധികൃത സ്പാകള്‍ക്കെതിരെ പോലീസുമായി ചേര്‍ന്ന് നടപടിയെടുക്കാനാണ് കോർപറേഷൻ്റെ തീരുമാനം. യുവതിക്ക് മോശം അനുഭവം ഉണ്ടായ വിവരം അറിഞ്ഞാണ് ഞായറാഴ്ച സ്പായില്‍ മേയർ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരെ അയച്ചത്. സ്പാ കേന്ദ്രങ്ങളുടെ വിവരം ശേഖരിക്കാൻ കോർപറേഷൻ സെക്രട്ടറിയെയും വിളിച്ചുവരുത്തി നിർദേശം നല്കി. കോർപറേഷൻ ഉദ്യോഗസ്ഥർക്കൊപ്പം പോലീസും ഞായറാഴ്ച വൈകിട്ട് നടന്ന പരിശോധനയില്‍ പങ്കെടുത്തു.
തിരുവനന്തപുരം കോർപറേഷനില്‍ റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്പാ കേന്ദ്രങ്ങളുടേയും ലൈസൻസ് പരിശോധിക്കാൻ മേയർ വിവി രാജേഷ് സെക്രട്ടറിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. വരും ദിനങ്ങളില്‍ തലസ്ഥാനത്തെ സ്പാകളില്‍ പരിശോധന നടത്തുമെന്ന് മേയർ പറഞ്ഞു. സ്പാകളില്‍ ജോലി ചെയ്യുന്നവരുടെ വിവരങ്ങളും ശേഖരിക്കും.
പോലീസിൻ്റെ സഹകരണത്തോടെയാവും പരിശോധനകള്‍ നടത്തുക. സ്ത്രീകള്‍ പുരുഷൻമാരെയും തിരിച്ചും മസാജ് ചെയ്യുന്ന ക്രോസ് മസാജിങ് അനുവദിക്കില്ലെന്നും മേയർ പറഞ്ഞു. തിരുവല്ലയില്‍ സ്പായില്‍ ജീവനക്കാരിയെ കാപ്പ കേസ് പ്രതിയും സംഘവും കൂട്ടബലാത്സംഗം ചെയ്തതിന് പിന്നാലെയായിരുന്നു തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളിലും പരിശോധന നടത്താൻ കോർപറേഷൻ തീരുമാനിച്ചത്.


