മുംബൈ: 20 ലോകകപ്പില്‍ ന്യൂസിലൻഡിനെതിരെ ചരിത്ര സെഞ്ച്വറി നേടി കാനഡയുടെ 19-കാരൻ യുവരാജ് സമ്ര. യുവരാജിന്റെ വെടിക്കെട്ട് സെഞ്ചുറി മികവില്‍ കാനഡ 173 റണ്‍സ് നേടിയെങ്കിലും ന്യൂസിലൻഡ് മത്സരം ജയിച്ചു. ലോകക്രിക്കറ്റിലെ വമ്പന്മാരായ ന്യൂസിലൻഡിനെ ഞെട്ടിച്ചുകൊണ്ട് കാനഡയുടെ പത്തൊൻപതുകാരൻ യുവരാജ് സമ്രയ്ക്ക് ചരിത്ര സെഞ്ച്വറി. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിലാണ് കിവി ബൗളർമാരെ നിലംപരിശാക്കി യുവരാജ് 110 റണ്‍സ് (65 പന്ത്) അടിച്ചുകൂട്ടിയത്.
ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് യുവരാജ് സമ്ര സ്വന്തമാക്കി (19 വയസ്സും 141 ദിവസവും). 2014-ല്‍ 22-ാം വയസ്സില്‍ സെഞ്ച്വറി നേടിയ പാകിസ്ഥാന്റെ അഹമ്മദ് ഷെഹ്സാദിന്റെ റെക്കോർഡാണ് യുവരാജ് മറികടന്നത്. സുരേഷ് റെയ്ന(23 വയസും 156 ദിവസവും), അലക്സ് ഹെയ്ല്‍സ്(25 വയസും 83 ദിവസവും), ഗ്ലെന്‍ ഫിലിപ്സ്(25 വയസും 327 ദിവസവും) എന്നിവരും യുവരാജിന്റെ റെക്കോര്‍ഡ് സെഞ്ചുറിക്ക് മുന്നില്‍ പിന്നിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു സെഞ്ച്വറി നേടുന്ന അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ താരമെന്ന റെക്കോര്‍ഡും കനേഡിയൻ ഓപ്പണർ സ്വന്തമാക്കി. 2024ലെ ടി20 ലോകകപ്പില്‍ കാനഡക്കെതിരെ അമേരിക്കയുടെ ആരോണ്‍ ജോണ്‍സ് നേടിയ 94 റണ്‍സിന്റെ റെക്കോര്‍ഡാണ് യുവരാജ് മറികടന്നത്. ടി20 ലോകകപ്പില്‍ കാനഡയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഈ ഇടം കൈയന്‍ ബാറ്റര്‍ സ്വന്തമാക്കി.
ന്യൂസിലൻഡിനെതിരെ 11 ഫോറുകളും 6 സിക്സറുകളുമാണ് യുവരാജ് അടിച്ചുകൂട്ടിയത്. 58 പന്തില്‍ സെഞ്ചുറിയിലെത്തിയ യുവരാജ് 65 പന്തില്‍ 110 റണ്‍സെടുത്താണ് പുറത്തായത്. കാനഡ അടിച്ച 173 റണ്‍സില്‍ 63.6 ശതമാനവും(110 റണ്‍സ്) യുവരാജിന്റെ ബാറ്റില്‍ നിന്നായിരുന്നു.
ഇന്നിംഗ്സില്‍ ആറ് സിക്സുകള്‍ പറത്തിയ യുവരാജ് ഐസിസി പൂര്‍ണ അംഗത്വമുള്ള ഒരു ടീമിനെതിരെ അസോസിയേറ്റ് രാജ്യത്തിനായി ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയ താരമെന്ന റെക്കോര്‍ഡിനൊപ്പവും എത്തി.
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗിന്റെ കടുത്ത ആരാധകനായ പിതാവ് ബല്‍ജിത് സിംഗാണ് തന്റെ മകന് ‘യുവരാജ്’ എന്ന് പേരിട്ടത്. പേര് പോലെ തന്നെ ഇടംകൈയ്യൻ ബാറ്ററായ ഈ താരം സിക്സറുകള്‍ പറത്തുന്നതിലും മുൻപന്തിയിലാണ്. നായകൻ ദില്‍പ്രീത് ബാജ്വയ്ക്കൊപ്പം (36)116 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് യുവരാജ് പടുത്തുയർത്തിയത്. ഒരു അസോസിയേറ്റ് രാജ്യം ഫുള്‍ മെമ്പർ രാജ്യത്തിനെതിരെ ലോകകപ്പില്‍ നേടുന്ന ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.
ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറില്‍ 173 റണ്‍സെടുത്തപ്പോള്‍ സമ്മര്‍ദ്ദത്തിലായെങ്കിലും 15.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി കിവീസ് അനായാസ ജയം നേടി. ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് പിന്തുടര്ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. ഈ ലോകകപ്പില്‍ ചെന്നൈയില്‍ അഫ്ഗാനെതിരെ 186 റണ്‍സ് കിവീസ് പിന്തുടര്ന്ന് ജയിച്ചിരുന്നു.


