കുട്ടിക്കാനത്ത് പെട്ടിക്കട കേന്ദ്രീകരിച്ച് അനധികൃതമായി മദ്യവും ലഹരിമരുന്നും നിരോധിത പുകയില ഉത്പന്നങ്ങളുടെയും വിൽപ്പന ; പെട്ടിക്കട ഉടമ ലഹരി മരുന്നും മദ്യവും സൂക്ഷിക്കുന്നത് സ്വകാര്യ എസ്റ്റേറ്റിനുള്ളിൽ; മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവർ എസ്‌റ്റേറ്റിന് തീയിട്ടത് രണ്ടു തവണ; പരാതിയുമായി എസ്റ്റേറ്റ് മാനേജർ രംഗത്ത്

കുട്ടിക്കാനം: കുട്ടിക്കാനം പള്ളിക്കുന്ന് ഭാഗത്ത് പെട്ടിക്കട കേന്ദ്രീകരിച്ച് അനധികൃതമായി മദ്യവും മയക്കുമരുന്നും നിരോധിക ലഹരി ഉത്പന്നങ്ങളും വിൽപ്പന നടത്തുന്നതായി പരാതി. കുട്ടിക്കാനം കേന്ദ്രീകരിച്ചുള്ള കോളേജ് സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇയാൾ ലഹരി മരുന്ന് വിൽപ്പന നടത്തുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ ലഹരി മരുന്നുകൾ പെട്ടിക്കടയ്ക്ക് പുറകിലെ എസ്റ്റേറ്റിൽ ഒളിപ്പിച്ച് വച്ചാണ് കച്ചവടം നടത്തുന്നത്. ഇടപാടുകാർ പണം നൽകിയ ശേഷം ഈ എസ്റ്റേറ്റിനുള്ളിൽ കയറി ലഹരി വസ്തുക്കൾ എടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ എസ്റ്റേറ്റിൽ കടന്നു കയറുന്ന ഇടപാടുകാർ രണ്ടു തവണ എസ്റ്റേറ്റിന് തീയിട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഫെബ്രുവരി എട്ടിനും 14 നുമായി രണ്ടു ദിവസങ്ങളിലാണ് ഇത്തരത്തിൽ എസ്റ്റേറ്റിന് തീയിട്ടിരിക്കുന്നത്. ഇതു മൂലം വലിയ നാശനഷ്ടമാണ് എസ്റ്റേറ്റിനുണ്ടായതെന്ന് ഉടമയും മാനേജരും പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ എസ്റ്റേറ്റിന്റെ സുഗമമായ പ്രവർത്തനത്തിന് നിരന്തരം ശല്യമുണ്ടാക്കുന്ന പെട്ടിക്കട ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യമാണ് സ്ഥലം ഉടമയും മാനേജരും ആവശ്യപ്പെടുന്നത്. ഇത് കൂടാതെ പെട്ടിക്കടയുടെ സമീപത്ത് തന്നെയാണ് ബസ് സ്റ്റോപ്പുള്ളത്. ലഹരി വിൽപ്പന വ്യാപകമായതോടെ ഇവിടെ എത്തുന്ന ഇടപാടുകാരുടെ ശല്യം ബസ് സ്റ്റോപ്പിൽ എത്തുന്ന സാധാരണക്കാരായ ആളുകളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മദ്യം അടക്കമുള്ള ലഹരി ഉപയോഗിച്ച ശേഷം എത്തുന്ന ഇടപാടുകാർ വെയിറ്റിംങ് ഷെഡിൽ നിൽക്കുന്ന യാത്രക്കാരെ അസഭ്യം പറയുന്നതും ഇവരോട് മോശമായി പെരുമാറുന്നതും പതിവ് കാഴ്ചയാണ്. സാധാരണക്കാരായ ആളുകളെയും വിനോദ സഞ്ചാരികളെയും അടക്കം ഇത് ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതരും പൊലീസും ഈ പെട്ടിക്കടയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കളക്ടർക്കും, ജില്ലാ പൊലീസ് മേധാവിയ്ക്കും, പ്രദേശത്തെ എസ്.എച്ച്.ഒയ്ക്കും മറ്റ് ബന്ധപ്പെട്ട വകുപ്പുകൾക്കും എസ്റ്റേറ്റ് ഉടമ പരാതിയും നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles