തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മുൻ യു ഡി എഫ് സർക്കാരിന്റെ കാലത്തെ അഴിമതികളും ഭരണപരാജയങ്ങളും ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് സി പി എം പുതിയ വെബ്സൈറ്റ് പുറത്തിറക്കി. ‘ഇരുണ്ട കാലം’ എന്ന പേരിലുള്ള ഈ വെബ്സൈറ്റിലൂടെ യു ഡി എഫ് ഭരണകാലത്തുണ്ടായ വിവാദങ്ങളും അഴിമതി കേസുകളും വിശദമായി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് പാർട്ടി നീക്കം. ‘മകനേ തിരിച്ച് വരല്ലേ’ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനും ഇതിന്റെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനും 10 വർഷമായി തുടരുന്ന പിണറായി വിജയൻ സർക്കാരിന്റെ നേട്ടങ്ങള്‍ ഉയർത്തിക്കാട്ടാനും ഈ വെബ്സൈറ്റ് ഗുണമാകുമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്.
വിശദവിവരങ്ങള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2011-16 കാലഘട്ടത്തില്‍ ഉമ്മൻ ചാണ്ടി നയിച്ച യു ഡി എഫ് സർക്കാരിന്റെ അഴിമതി ആരോപണങ്ങളാണ് വെബ്സൈറ്റില്‍ പങ്കുവച്ചിട്ടുള്ളത്. യു ഡി എഫ് സര്‍ക്കാരിലെ ഓരോ വകുപ്പിലും ഉയർന്ന അഴിമതി ആരോപണങ്ങളുടെ വിശദാംശങ്ങളും മന്ത്രിമാരുടെ വിദ്വേഷ പരാമർശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും നേരിട്ട വെല്ലുവിളികളും പരാമർശിക്കുന്നതാണ് വെബ്സൈറ്റ്. പവർകട്ട്, ലോഡ്ഷെഡിംഗ്, കെ എസ് ആർ ടി സിയിലെ വെല്ലുവിളി, ബാർകോഴ, സോളാർ അഴിമതി തുടങ്ങി ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഞ്ച് വർഷ ഭരണത്തിലെ പോരായ്മകള്‍ ഓരോന്നായി വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളില്‍ യു ഡി എഫ് സർക്കാർ എന്ത് ചെയ്തെന്ന ചോദ്യവും ‘ഇരുണ്ടകാലം’ ഉയർത്തുന്നുണ്ട്.


