കൊച്ചി: ഉഷ ജോസഫ് കുട്ടിയുടെ വയറ്റിൽ നിന്നും പുറത്തെടുത്ത ശസ്ത്രക്രിയ ഉപകരണം ഡോക്ടർമാർ കൈമാറിയെന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കി. ആർട്ടറി ഫോർസെപ്സ് എന്ന ഉപകരണമാണ് പുറത്തെടുത്തത്. ഉപകരണത്തിന്റെ അഗ്രഭാഗം ഒടിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്. കൊച്ചി അമൃത ആശൂപത്രിയിലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഉപകരണം ഇനി കോടതിയിൽ ഹാജരാക്കും. വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് ഉഷയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്.
ഉപകരണം ലഭിച്ചതായി ഡിവൈഎസ്പി സ്ഥീരീകരിച്ചു. ഇന്ന് ഉച്ചക്ക് മുൻപാണ് അമൃത ആശുപത്രിയിൽ ഉഷയുടെ ശസ്ത്രക്രിയ ആരംഭിച്ചത്. ഉച്ചക്ക് ശേഷം ശസ്ത്രക്രിയ പൂര്‍ത്തിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് ഭാഗമായിട്ടാണ് ഉപകരണം പുറത്തെടുത്തത്. കത്രികയുടെ രൂപത്തിലുളള ഉപകരണവും അതിന്‍റെ ഒടിഞ്ഞ ഭാഗവും. ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. ഇന്നലെയാണ് ഉഷയുടെ ഭര്‍ത്താവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തത്.
അന്നത്തെ വകുപ്പ് മേധാവി ആയിരുന്ന ലളിതാംബികയെ ആണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അതേ സമയം ശസ്ത്രക്രിയ ചെയ്ത ഡോക്ടറെ പ്രതി ചേര്‍ത്തിട്ടില്ല. അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലായിരിക്കും ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മറ്റുളളവരെ പ്രതി ചേര്‍ക്കുക എന്നാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. 5 വര്‍ഷമാണ് ഉഷ വേദന സഹിച്ച് ജീവിച്ചത്.
2021 മെയ് 1 നാണ് വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് ഗര്‍ഭാശയ മുഴ നീക്കം ചെയ്യാൻ ശസ്ത്രക്രിയക്ക് വിധേയ ആയത്. അതിന് ശേഷം തുടര്‍ച്ചയായി വയറുവേദന ഉണ്ടാകുന്നു. പലയിടങ്ങളിൽ ചികിത്സ തേടിയിട്ടും വേദനക്ക് ശമനമുണ്ടായില്ല. കഴിഞ്ഞ ബുധനാഴ്ച നടത്തിയ എക്സ്റേയിലാണ് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയെന്ന് മനസിലാകുന്നത്. വണ്ടാനം മെഡിക്കൽ കോളേജിലെത്തിയപ്പോള്‍ തിങ്കളാഴ്ചത്തേക്ക് ശസ്ത്രക്രിയ നടത്താമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. എന്നാൽ സംഭവം വാര്‍ത്തയായതോടെ കെസി വേണുഗോപാൽ ഇടപെട്ട് അന്ന് രാത്രി തന്നെ ആംബുലൻസ് അയച്ച് ഉഷയ്ക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കുകയായിരുന്നു.


