അതിരമ്പുഴ :സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സെൻമേരീസ് ജി.എച്ച്.എസ് സെൻമേരീസ് എൽ.പി.എസ് , സെൻറ് അലോഷ്യസ് എൽ.പി.എസ് എന്നീ സ്കൂളുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച എഐ പരിശീലന പരിപാടി ഏറെ ശ്രദ്ധേയമായി. മനുഷ്യബുദ്ധിയെ യന്ത്രങ്ങളിലേക്ക് പകർത്തി നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസി ന്റെ അടിസ്ഥാന കാര്യങ്ങൾ ക്ലാസ്സിൽ വിശദീകരിച്ചു. പ്രോംപ്റ്റുകൾ നൽകി ചിത്രങ്ങളും കവിതകളും നിമിഷങ്ങൾക്കുള്ളിൽ നിർമ്മിക്കുന്ന രീതി രക്ഷിതാക്കൾക്ക് പുതിയൊരു അനുഭവമായിരുന്നു.




സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയുന്നതിനായി വ്യാജ വാർത്തകളും ഡീപ് ഫേക്ക് വീഡിയോകളും തിരിച്ചറിയാനുള്ള മാർഗങ്ങളും ക്ലാസ്സിൽ ചർച്ച ചെയ്തു. ഗൂഗിൾ ലെൻസ് പോലുള്ള ടൂളുകളുടെ ഉപയോഗവും പുതിയ ഐടി നിയമങ്ങളെക്കുറിച്ചുള്ള അറിവും രക്ഷിതാക്കൾക്ക് ഏറെ ഉപകാരപ്പെട്ടു. കുട്ടികളുടെ സുരക്ഷിതമായ ഡിജിറ്റൽ ഭാവി ഉറപ്പാക്കാൻ ഇത്തരം അറിവുകൾ അനിവാര്യമാണെന്ന് സെഷൻ ഓർമ്മിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതാപിതാക്കൾ സജീവമായി പങ്കെടുത്ത ഈ പരിപാടി ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും അവതരണ കഴിവും പ്രശംസനീയമാണെന്ന് അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു. ശില്പശാല സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി സിനി ജോസഫ് ഉദ്ഘാടനം ചെയ്തു. അനാമിക എസ്,അവന്തിക എസ്,
സിയ ജോസ്മോൻ, ഗായത്രി ജി ഹെഡ്ജെൻ എന്നീ കുട്ടികൾ ക്ലാസുകൾക്ക് നേതൃത്വം നൽകി.


