എറണാകുളം : സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗപരിമിതർ, കുട്ടികൾ, വൃദ്ധജനങ്ങൾ, പാവങ്ങൾ, രോഗികൾ എന്നിവർക്ക് സൗജന്യ സഹായോപകരണങ്ങൾ വിതരണം ചെയ്യുന്ന വലിയ സംരംഭമാണ് “സദ്വാർത്ത ’26”. ഇതിന്റെ ഭാഗമായി 2026 മാർച്ച് 9, 10, 11 തീയതികളിൽ എറണാകുളം ടൗൺ ഹാളിൽ സൗജന്യ സഹായോപകരണങ്ങൾ വിതരണം ചെയ്യും.ഇന്ത്യയിൽ ആദ്യമായി ഇത്രയും പേർക്ക് ഒരുമിച്ച് സേവനങ്ങൾ നൽകുന്ന ബൃഹത് പദ്ധതിയാണിത്.വിദഗ്ധ പരിശോധനയ്ക്ക് ശേഷം 20 തരത്തിൽ നിർമ്മിതകാൽ, നിർമ്മിതകൈ, കാലിപ്പർ, ക്രച്ചസുകൾ, വാക്കർ, ഹാൻഡ് പാഡിൽഡ് ട്രൈസൈക്കിൾ, വീൽചെയർ, കേൾവി സഹായയന്ത്രം, വാക്കിങ് സ്റ്റിക്ക്, വൈറ്റ് കെയിൻ എന്നിവ ഉൾപ്പെടെ സഹായോപകരണങ്ങൾ 1500-ത്തിലധികം പേർക്ക് വിതരണം ചെയ്യും. ഒപ്പം എല്ലാവർക്കും കാഴ്ച പരിശോധനയും കണ്ണട വിതരണവും സമ്പൂർണ രക്തപരിശോധനയും റിസൾട്ട് പ്രഖ്യാപനവും ഉണ്ടായിരിക്കും.
1500+ പേർക്കുള്ള സഹായോപകരണ വിതരണം ശ്രീ ഭഗവാൻ മഹാവീർ വികലാംഗ് സഹായതാ സമിതി (ജയ്പൂർ ഫൂട്ട് / BMVSS)യുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ് കൊച്ചിൻ മിഡ്ടൌൺ ഹോസ്റ്റ് ചെയ്യും. ദിസ്-എബിലിറ്റി മിഷൻ കേരളയും ഇൻഡാക് (Indian National Differently Abled Peoples’ Congress) ഉം സംഘാടനവും ഏകോപനവും നിർവഹിക്കും.എൽഎൻ-4 പ്രോസ്തെറ്റിക് ഹാൻഡ് ഫൗണ്ടേഷൻ, ചൈതന്യ ഐ ഹോസ്പിറ്റലുകൾ, മുത്തൂറ്റ് ഫൗണ്ടേഷൻ എന്നിവയുടെ സഹായത്തോടെയും കേരള സ്റ്റേറ്റ് ഡിസബിലിറ്റി കമ്മിഷണറേറ്റിന്റ സഹകരണത്തോടെയും പരിപാടി നടക്കും. പിന്തുണയായി കേരള ഗാന്ധി സ്മാരക നിധി, ഏകതാ പരിഷത്ത്, ഭാരത് സേവാ സൻസ്ഥൻ ജയ്പൂർ എന്നിവയും വിവിധ ഗാന്ധിയൻ–മത–സാംസ്കാരിക സംഘടനകളും ഒപ്പം നിൽക്കും.ഈ ജീവകാരുണ്യ മഹാസംഗമത്തിൽ ഉദ്ഘാടനം, സമാപന സമ്മേളനം, അക്സെസിബിൾ ഹെറിറ്റേജ് വാക് തുടങ്ങി 13 സമ്മേളനങ്ങൾ നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറു കലാ-സാംസ്കാരിക പ്രകടനങ്ങളും രണ്ട് ഇഫ്താർ സംഗമങ്ങളും ഉണ്ടാകും.കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, ന്യൂ ദില്ലി എന്നിവിടങ്ങളിൽ നിന്ന് 35 പ്രഗത്ഭർ വിവിധ സെഷനുകളിൽ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് +91 9846726866, +91 9745784559, +91 9447680439, +91 9895615924 എന്നീ നമ്പറുകളിലോ [email protected], [email protected] എന്നീ ഇമെയിലുകളിലോ ബന്ധപ്പെടാം.


