ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ 20 ശതമാനം എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ രാജ്യത്ത് വില്ക്കാന് പാടുള്ളൂ. ഒപ്പം എൻജിന്റെ കേടുപാട് കുറക്കാൻ മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ (ആർഒഎൻ) 95 മാനദണ്ഡം പാലിച്ചതുമായ പെട്രോള്‍ മാത്രമേ പാടുള്ളൂവെന്ന് കേന്ദ്രം അറിയിച്ചു. ഏപ്രില്‍ ഒന്നുമുതലാണ് ഇത് ബാധകം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സ്പെസിഫിക്കേഷന്‍ അനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എണ്ണക്കമ്പനികള്‍ 20 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ വില്ക്കാന് പാടുള്ളൂ.
കരിമ്പ്, ചോളം അല്ലെങ്കില്‍ ധാന്യം എന്നിവയില്‍നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഇതിന് ശുദ്ധമായ പെട്രോളിനേക്കാള്‍ വായുമലിനീകരണം കുറവാണ്. ആഭ്യന്തരമായി ഉത്പാദിപ്പിക്കാന്‍ കഴിയും. ജ്വലനശേഷി കൂടുതലാണ്. എണ്ണ ഇറക്കുമതി കുറക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും വേണ്ടിയാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. കരിമ്പ്, ചോളം എന്നിവയുടെ ആവശ്യകത വർധിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2023-25 മുതല്‍ ഇന്ത്യയില്‍ നിർമിച്ച മിക്ക വാഹനങ്ങളും 20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോളില്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ രീതിയില്‍ രൂപകല്പന ചെയ്തവയാണ്. എന്നാല്‍, പഴയ വാഹനങ്ങള്‍ക്ക് മൈലേജില്‍ നേരിയ കുറവുണ്ടാകും. മൂന്ന് മുതല്‍ ഏഴു വരെ ശതമാനം മൈലേജ് കുറയുമെന്നാണ് നിഗമനം.
വാഹനങ്ങളുടെ എൻജിനുള്ളില് ഇന്ധനം അനിയന്ത്രിതമായി കത്തുന്ന അവസ്ഥയെ പ്രതിരോധിക്കാനുള്ള ശേഷിയെയാണ് ഒക്ടെയ്ൻ നമ്പർ സൂചിപ്പിക്കുന്നത്. ഉയർന്ന ഒക്ടെയ്ൻ നമ്പറുള്ള ഇന്ധനം എൻജിന്റെ പ്രകടനം മെച്ചപ്പെടുത്തുകയും തേയ്മാനം കുറക്കുകയും കേടുപാടുകള്‍ തടയുകയും ചെയ്യുന്നു. അതിനാലാണ് മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ 95 മാനദണ്ഡം പാലിക്കണമെന്ന് നിര്‍ബന്ധിക്കുന്നത്.


