ടെഅവീവ്: താൻ കൊല്ലപ്പെട്ടുവെന്ന ഇറാന്റെയും സോഷ്യല്‍ മീഡിയയുടെയും പ്രചാരണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒരു കഫേയില്‍ കോഫി ഓർഡർ ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് താൻ സുരക്ഷിതനാണെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചത്. ഞാൻ മരിച്ചത്… എന്നും കോഫിക്ക് വേണ്ടിയാണ് എന്ന് ഹീബ്രു ഭാഷയിലെ ഒരു ശൈലി ഉപയോഗിച്ച് അദ്ദേഹം തമാശയായി പറഞ്ഞു.
നെതന്യാഹുവിന്റെ മുൻപത്തെ വീഡിയോയില്‍ ഒരു കൈയ്യില്‍ ആറ് വിരലുകള്‍ കണ്ടെന്നും അത് എഐ നിർമ്മിതമാണെന്നുമുള്ള പ്രചാരണത്തിന് അദ്ദേഹം മറുപടി നല്കി. ക്യാമറയ്ക്ക് മുന്നില്‍ രണ്ട് കൈകളും ഉയർത്തിക്കാട്ടി “നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? ദാ നോക്കൂ… എല്ലാം കൃത്യമാണ്,” എന്ന് അദ്ദേഹം പരിഹസിച്ചു. നിങ്ങളുടെ ആത്മവിശ്വാസം എനിക്കും ഐഡിഎഫിനും മൊസാദിനും കരുത്ത് നല്കുന്നു. ഇറാനെതിരെ ഞങ്ങള്‍ ഇന്നും ശക്തമായ ആക്രമണങ്ങള്‍ തുടരുകയാണ്. ചില കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താൻ കഴിയില്ല, എന്ന് അദ്ദേഹം പറഞ്ഞു. ശത്രുക്കളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദ്ദേശങ്ങള്‍ പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങള്‍ക്ക് സമീപം തുടരണമെന്നും അദ്ദേഹം ഇസ്രായേല്‍ പൗരന്മാരോട് അഭ്യർത്ഥിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതോടെയാണ് ഈ യുദ്ധം തുടങ്ങിയത്. ഇതിനകം ഇറാന്റെ 15,000 ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയതായി പെന്റഗണ്‍ അറിയിച്ചു. 2,000-ത്തിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇതിനിടയിലാണ് നെതന്യാഹുവിനെ പിന്തുടർന്ന് വധിക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് ഭീഷണി മുഴക്കിയത്.

