കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഭവാനിപുർ നിയമസഭാമണ്ഡലത്തില്‍ ഇക്കുറി അക്ഷരാർത്ഥത്തില്‍ തീപാറുന്ന പോരാട്ടമാണ്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ സിറ്റിംഗ് മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മത്സരിക്കാൻ എത്തിയതോടെയാണ് ഭവാനിപുർ ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേരിട്ട് ഏറ്റുമുട്ടുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ അപൂർവതയാണ്. കഴിഞ്ഞ തവണയും ഇരുവരും നേരിട്ട് മത്സരിച്ചിരുന്നു. എന്നാല്‍, അത് ഭവാനിപുരിലായിരുന്നില്ല, സുവേന്ദുവിന്റെ ഉരുക്കുകോട്ടയായ നന്ദിഗ്രാമിലായിരുന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നടന്ന ആദ്യ ഏറ്റുമുട്ടലില്‍, വളരെ നേരിയ ഭൂരിപക്ഷത്തിലാണ് സുവേന്ദു മമതയെ തോല്‍പ്പിച്ചത്. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേർന്ന സുവേന്ദുവിനെ നേരിടാൻ സ്വന്തം സുരക്ഷിത മണ്ഡലം വിട്ട് അദ്ദേഹത്തിന്റെ കോട്ടയിലേക്കെത്തിയ മമതയ്ക്ക് അന്ന് തിരിച്ചടിയായിരുന്നു. തുടർന്ന് ഭവാനിപുരില്‍ ഉപതിരഞ്ഞെടുപ്പിലൂടെ അവർ വീണ്ടും നിയമസഭയിലേക്കെത്തി മുഖ്യമന്ത്രിസ്ഥാനം നിലനിർത്തുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇപ്പോള്‍ സാഹചര്യം മറിഞ്ഞിരിക്കുന്നു. ഈ തവണ സുവേന്ദുവാണ് വെല്ലുവിളി ഏറ്റെടുത്ത് മമതയുടെ സ്വന്തം തട്ടകമായ ഭവാനിപുരില്‍ രംഗത്തിറങ്ങിയത്. കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഭവാനിപുരിനൊപ്പം തന്റെ തട്ടകമായ നന്ദിഗ്രാമിലും സുവേന്ദു ജനവിധി തേടുന്നുണ്ട്.
‘മിനി ഇന്ത്യ’ എന്ന് വിശേഷിപ്പിക്കുന്ന ഭവാനിപുരില്‍ സാമൂഹിക-ജനസംഖ്യാ ഘടന വ്യത്യസ്തതകള്‍ നിറഞ്ഞതാണ്. ബംഗാളി മാതൃഭാഷയല്ലാത്ത വോട്ടർമാരുടെ സാന്നിധ്യം ഗണനീയമാണ്. മുസ്ലിം വോട്ടർമാർ ഏകദേശം 20 ശതമാനം മാത്രമാണെന്നും, അതില്‍ ചിലർ വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവായതായും റിപ്പോർട്ടുകള്‍ പറയുന്നു. എങ്കിലും, കൊല്‍ക്കത്ത കോർപ്പറേഷനിലെ ഉള്‍പ്പെടുന്ന എട്ട് വാർഡുകളിലും തൃണമൂല്‍ സ്വാധീനം ശക്തമാണ്. മുൻ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ മാറിമറയുന്ന പ്രവണതയാണ് കാണിക്കുന്നത്. 2021ല്‍ തൃണമൂല്‍ സ്ഥാനാർഥി നേടിയ വലിയ ഭൂരിപക്ഷം, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗണ്യമായി കുറഞ്ഞിരുന്നു. ഇത് ഇത്തവണത്തെ പോരാട്ടം കൂടുതല്‍ അനിശ്ചിതമാക്കുന്നു.
പ്രചാരണരംഗത്ത് സുവേന്ദു ഇതിനകം സജീവമാണ്. മുഖ്യമന്ത്രിയെ തോല്‍പ്പിക്കുമെന്ന ആത്മവിശ്വാസത്തോടെ ശക്തമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നത്. മറുവശത്ത്, നാട്ടുകാരുമായുള്ള അടുപ്പം ചൂണ്ടിക്കാട്ടി വിജയത്തില്‍ സംശയമില്ലെന്ന് മമത വ്യക്തമാക്കുന്നു.
ഗുരുവും ശിഷ്യനും തമ്മിലുള്ള ഈ രാഷ്ട്രീയ പോരാട്ടം ആരുടെ പക്ഷത്തേക്ക് വഴിമാറും എന്നത് പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. എന്നാല്‍, ഭവാനിപുരില്‍ ഇത്തവണ നടക്കുന്ന മത്സരം ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുമെന്ന് ഉറപ്പെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

