തൊടുപുഴ: ഉപകരണ സംഗീതത്തിലെ വിസ്മയം ഏലിയാസ് എല്‍ദോസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. വെള്ളിയാഴ്ച രാവിലെയാണ് 26 കാരനായ ഏലിയാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനല്‍കി. മൃതദേഹം സ്വദേശമായ തലക്കോട് സെയ്ന്റ് മേരീസ് യാക്കോബായ സിറിയൻ പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. നാല് സഹോദരൻമാരുണ്ട്.
സൗഭാഗ്യങ്ങളുടെ കൂട്ടില്ലാതെ മാതാപിതാക്കളുടെ പരിലാളനയില്ലാതെ ഹൃദയത്തിലെ സംഗീതത്തിന്റെ തുടിപ്പുകൊണ്ടുമാത്രം ജീവിച്ച കലാകാരനാണ് ഏലിയാസ്. പ്രശസ്തരായ ഗുരുക്കൻമാരുടെ ശിഷണമില്ലാതെ സ്വയംപഠിച്ച വിദ്യയുമായാണ് ഏലിയാസ് എല്‍ദോസ് ഒന്നരവയസ്സുള്ളപ്പോള്‍ തൊടുപുഴയിലെ മദർ ആൻഡ് ചൈല്‍ഡ് അനാഥാലയത്തിലെത്തുന്നത്. സംഗീതത്തിലൂടെ എല്‍ദോസ് സങ്കടങ്ങള്‍ മറന്നു. പീന്നീട് അനാഥാലയത്തില്‍നിന്ന് സ്കൂള്‍, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ മദർ ആൻഡ് ചൈല്‍ഡില്‍ സംഗീത ട്രൂപ്പ് രൂപവത്കരിച്ചു. സംഗീത ട്രൂപ്പിന് നേതൃത്വം നല്‍കിയത് എല്‍ദോസായിരുന്നു. ഒപ്പം അവിടെയുള്ള കുട്ടികളെ കീബോർഡും ഡ്രമ്മും പഠിപ്പിച്ചു.
സംഗീതമായിരുന്നു എലിയാസിന്റെ ലോകം. ഇതിനിടെ 2018-ല്‍ കൊച്ചി മറൈൻ ഡ്രൈവില്‍ പ്രശസ്തസംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിക്കൊപ്പം വേദി പങ്കിട്ടു. ഏലിയാസിന്റെ മാന്ത്രിക പ്രകടനം സ്റ്റീഫൻ ദേവസ്സിയെപ്പോലും അതിശയിപ്പിച്ചു. കഴിഞ്ഞദിവസം ഏലിയാസിന് ഗോവയില്‍ പരിപാടിയുണ്ടായിരുന്നു. പരിപാടിക്കുശേഷം ഏപ്രില്‍ ആറിനും ഏഴിനും തൊടുപുഴയിലുള്ള പ്രോഗ്രാമിന് എത്താമെന്ന് ഒപ്പമുള്ളവരെ അറിയിച്ചിരുന്നു. എന്നാല്‍, ഉദ്ദേശിച്ച സമയത്ത് തിരിച്ചെത്താൻ സാധിച്ചില്ല. ഏപ്രില്‍ എട്ടിനാണ് തിരിച്ചെത്തിയത്. തിരികെവരുന്ന വഴി ട്രെയിനില്‍ നിന്നിറങ്ങിയപ്പോള്‍ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു.
തിരികെ തൊടുപുഴയിലെത്തി ഒൻപതാം തീയതി രാത്രി കിടക്കാനായി മുറിയിലേക്കുപോയി. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ വിളിച്ചെങ്കിലും വിളികേട്ടില്ല. തുറക്കാതായതോടെ കതകുതുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.

