ന്യൂഡൽഹി : ലോക്സഭയില്‍ മതാടിസ്ഥാനത്തിലുള്ള സംവരണത്തെച്ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും തമ്മില്‍ രൂക്ഷമായ വാക്പോര്. വനിതാ സംവരണ ബില്ലിലും മണ്ഡല പുനർനിർണ്ണയ ബില്ലിലും പിന്നാക്ക വിഭാഗങ്ങള്‍ക്കും മുസ്ലിം സ്ത്രീകള്‍ക്കും പ്രത്യേക സംവരണം വേണമെന്ന് സമാജ്വാദി പാർട്ടി ആവശ്യപ്പെട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. എന്നാല്‍ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അമിത് ഷാ മറുപടിയില്‍ പറഞ്ഞു. നമ്മുടെ ഭരണഘടന മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കുന്നില്ല. മുസ്ലിം സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്കുന്നതില് എസ്.പിയെ ആരും തടയുന്നില്ല, പക്ഷേ നിയമപരമായ സംവരണം സാധ്യമല്ലെന്നും അമിത് ഷാ പറഞ്ഞു.
എന്നാല്‍ ജനസംഖ്യയുടെ വലിയ ഭാഗമായ മുസ്ലിം സ്ത്രീകള്‍ക്ക് എന്തുകൊണ്ട് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് അഖിലേഷ് യാദവ് ചോദിച്ചു. സെൻസസ് പൂർത്തിയാക്കാതെ മണ്ഡല പുനർനിർണ്ണയത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ തിടുക്കത്തെ അദ്ദേഹം ചോദ്യം ചെയ്തു. ഇത് ജാതി സെൻസസ് ഒഴിവാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു. സെൻസസ് നടപടികള്‍ ആരംഭിച്ചതായും ഇതില്‍ ജാതി വിവരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും അമിത് ഷാ സഭയില്‍ ഉറപ്പുനല്‍കി. 2027-ഓടെ ഇത് പൂർത്തിയാകുമെന്നാണ് സർക്കാർ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്സഭാ സീറ്റുകളുടെ എണ്ണം: പുതിയ ബില്ലുകള്‍ പ്രകാരം ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ല്‍ നിന്ന് 850 വരെയായി ഉയർത്താനാണ് നീക്കം. 2029-ലെ പൊതുതെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഭരണഘടനാ (131-ാം ഭേദഗതി) ബില്‍ 2026, മണ്ഡല പുനർനിർണ്ണയ ബില്‍ 2026 എന്നിവയാണ് സഭയില്‍ അവതരിപ്പിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് മണ്ഡല പുനർനിർണ്ണയത്തിലൂടെ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

