പട്ടിമറ്റം: അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ മൂക്കില്‍ മൂക്കുത്തി കുടുങ്ങിയതില്‍ വീട്ടുകാര്‍ പരിഭ്രാന്തരായി. പട്ടിമറ്റം സ്വദേശിയായ 21-കാരിയുടെ മൂക്കിലാണ് ആഭരണം കുരുങ്ങിയത്. മൂക്കുത്തിയുടെ തലഭാഗം മൂക്കിലെ തുളയിലൂടെ കൂടുതല്‍ ആഴ്ന്നിറങ്ങിയതിനാല്‍ പുറത്തുനിന്ന് കാണാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുകയായിരുന്നു. വീട്ടുകാർ ഏറെനേരം പരിശ്രമിച്ചിട്ടും മൂക്കുത്തി ഊരിയെടുക്കാൻ സാധിച്ചില്ല. ശ്രമം തുടർന്നതോടെ യുവതിക്ക് വേദനയും അസ്വസ്ഥതയും കൂടി വന്നു.
അഗ്നിരക്ഷാ നിലയത്തിലേക്ക്: മറ്റു വഴികളില്ലാതെ വന്നതോടെ രാത്രി 7.30-ഓടെ യുവതിയും കുടുംബവും പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തില്‍ നേരിട്ടെത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർ, സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ശ്രീ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വളരെ സൂക്ഷ്മതയോടെ ട്യൂസർ, കത്രിക എന്നിവ ഉപയോഗിച്ച് മൂക്കുത്തിയുടെ ലോക്ക് മാറ്റി സുരക്ഷിതമായി ഊരിയെടുത്തു. ഫയർ & റസ്ക്യൂ ഓഫീസർമാരായ വിജിത്ത് കുമാർ, ജയേഷ്, അനു, ഹോംഗാർഡുകളായ പ്രദീപ്, രാമചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

