ബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഒരു അവിശ്വസനീയ ഫീല്‍ഡിംഗ് പ്രകടനം നടത്തിയിരുന്നു പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്. ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തി. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നാണിതെന്ന് സച്ചിന് വിശേഷിപ്പിച്ചു.
മുംബൈ ഇന്ത്യന്‍സ് ഡഗൗട്ടിലിരുന്ന് കളി കണ്ടിരുന്ന സച്ചിന്, ശ്രേയസിന്റെ പ്രകടനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത് ഇങ്ങനെ… ”ആ ക്യാച്ചിനെ സവിശേഷമാക്കുന്നത് അതിന്റെ കായികക്ഷമത മാത്രമല്ല, മറിച്ച് ശ്രേയസിന്റെ ആത്മവിശ്വാസവും കൃത്യമായ ബോധ്യവുമാണ്. പന്തിന്റെ വേഗതയും ഉയരവും അളന്ന്, ബൗണ്ടറി ലൈനില്‍ സ്പര്‍ശിക്കാതെ വായുവില്‍ ഉയര്‍ന്നുചാടി സഹതാരത്തിന് പന്ത് കൈമാറാന്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എടുത്ത തീരുമാനം അവിശ്വസനീയമാണ്.” സച്ചിന് കുറിച്ചിട്ടു.

