പിൻതുടർന്ന് എത്തി ഇടിച്ച് വീഴ്ത്തി : പൊലീസ് വാഹനം ഇടിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി

ആലപ്പുഴ: പൊലീസ് വാഹനം ഇടിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്.പൊലീസ് വാഹനം ബൈക്കില്‍ ഇടിപ്പിച്ചു നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർത്ഥികള്‍ പറഞ്ഞു. ഈ മാസം 18ന് രാത്രി തോട്ടപ്പള്ളിയിലാണ് സംഭവം. ഹരിപ്പാട് ഐസ്ക്രീം സ്റ്റാളില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു ആഷിക്കും ഷിനാസും. മറ്റൊരു കേസിലെ പ്രതികള്‍ എന്ന് കരുതി അമ്പലപ്പുഴ പൊലീസ് പിന്തുടർന്ന് എത്തുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Advertisements

പൊലീസ് വാഹനം ബൈക്കില്‍ ഇടിപ്പിച്ചു നിർത്തിയശേഷം മർദിച്ചു എന്നാണ് വിദ്യാർത്ഥികളുടെ പരാതി. കാലിന് പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍, പൊലീസ് ആരോപണം നിഷേധിച്ചു. വിദ്യാർത്ഥികളുടെ വാഹനം പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ പരിക്ക് ഉണ്ടായില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും അമ്പലപ്പുഴ പൊലീസ് പറഞ്ഞു.

Hot Topics

Related Articles