കൊടും ചൂടില്‍ വെന്തുരുകിയ കേരളം : ആശ്വാസമായി വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍ മഴ: രണ്ട് മരണം

തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകിയ കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍ മഴയെത്തി. വിവിധ ജില്ലകളില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് ശക്തമായ വേനല്‍ മഴ ലഭിച്ചത്. എന്നാല്‍ വേനല്‍ മഴക്കൊപ്പമെത്തിയ ഇടിമിന്നലും മരങ്ങള്‍ കടപുഴകി വീണതും പലയിടത്തും അപകടം വിതച്ചു. പല ജില്ലകളിലും കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്ത് കനത്ത മഴയില്‍ എണ്ണപ്പന വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം സംഭവിച്ചതും ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചതും വേദനയായി. കൊല്ലം ചിതറ ഓയില്‍ പാം എസ്റ്റേറ്റിലെ കാടുവെട്ടാൻ കരാർ ജോലിക്ക് എത്തിയ മുപ്പത്തിയേഴുകാരി സരിതക്കാണ് ജീവൻ നഷ്ടമായത്. ചെങ്ങന്നൂരില്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരുന്ന ആസിഫ് അഷ്റഫാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. പുത്തൻകാവ് പളളി ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം.

Advertisements

തൃശൂരില്‍ 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശൂർ വെങ്ങിണിശ്ശേരിയിയില്‍ കളിക്കുന്നതിനിടെ 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ക്രിക്കറ്റ് കളിക്കുന്നത്തിനിടെ വൈകിട്ട് 5.30 ഓടെയാണ് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റത്. പത്തിലേറെ കുട്ടികള്‍ കളിക്കാൻ ഉണ്ടായിരുന്നു. ഇതില്‍ ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പത്തിനും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവർ. ഇതില്‍ ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ദയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ കോന്നിയില്‍ ഇടിമിന്നലേറ്റ് 64 കാരന് പരുക്കേറ്റിരുന്നു. കോന്നി ഇളകൊള്ളൂർ സ്വദേശി രാധാകൃഷ്ണനാണ് പരിക്കേറ്റത്. മിന്നലേറ്റുള്ള വീഴ്ചയില്‍ ബോധം പോവുകയും, കൈക്ക് പൊട്ടലുമേറ്റു. കോന്നി മെഡിക്കല്‍ കോളേജില്‍ രാധാകൃഷ്ണൻ ചികിത്സ തേടി. ഇതിനിടെ പെരുങ്കടവിളയിലും ഇടിമിന്നല്‍ നാശം വിതച്ചു. പെരുങ്കടവിള സ്വദേശി ബൈജുവിന്റെ വീട്ടില്‍ ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങള്‍ നശിച്ചു. വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വലിയ ശബ്ദത്തോടെ വൈദ്യുത ഗൃഹോപകരണങ്ങള്‍ പൊട്ടിത്തെറിച്ചു. വീട്ടിലെ ഫ്രിഡ്ജ്, ടി വി മുതലായ ഉപകരണങ്ങള്‍ കേടായി. സ്വിച്ച്‌ ബോർഡുകള്‍ ഇളകി തെറിച്ചു. വീടിന്‍റെ ചുവരില്‍ വിള്ളലുകളുണ്ടായിട്ടുണ്ട്.

വ്യാഴാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

വരും ദിവസങ്ങളില്‍ വേനല്‍ മഴ കൂടുതല്‍ ശക്തമാകുമെന്നും വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് നിലവില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Hot Topics

Related Articles