ന്യൂഡൽഹിയിൽ പൊലീസിൻ്റെ നിർണ്ണായക ഇടപെടൽ: അന്തർ സംസ്ഥാന വാഹന മോഷണ റാക്കറ്റിലെ പ്രധാനിയെ കുടുക്കി ഡൽഹി പൊലീസ് 

ന്യൂഡൽഹി: അന്തർസംസ്ഥാന വാഹനമോഷണ റാക്കറ്റിലെ പ്രധാനികളെ കുടുക്കി ദില്ലി പോലീസ്. ആഡംബര വാഹനങ്ങള്‍ മോഷ്ടിച്ച്‌ ചേസ് നമ്പറില്‍ കൃത്രിമം നടത്തി വ്യാജരേഖകള്‍ ഉപയോഗിച്ച്‌ റീ-രജിസ്ട്രേഷൻ ചെയ്ത് വില്‍പന നടത്തുന്ന റാക്കറ്റിലെ 10 അംഗങ്ങള്‍ ആണ് പോലീസിൻ്റെ പിടിയിലായത്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച ശേഷം കൃത്രിമം നടത്തിയ 31 ആഡംബര വാഹനങ്ങളും കണ്ടെടുത്തു.

Advertisements

ഒന്നിലധികം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് 10 പ്രതികളെ പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. പിടിയിലായവരില്‍ സൂത്രധാരൻ എന്ന് സംശയിക്കുന്ന ദമൻദീപ് സിങ് എന്ന ലക്കിയും ഉള്‍പ്പെടുന്നുണ്ട്. ജലന്ധറില്‍ സെക്കൻ-ഹാൻഡ് കാ‍ർ ഡീലറായി പ്രവർത്തിച്ചുവരികയായിരുന്ന ഇയാളാണ് റാക്കറ്റിനെ പൂർണമായും നിയന്ത്രിച്ചിരുന്നതെന്നാണ് പോലീസ് കരുതുന്നത്. അറസ്റ്റിലായവരില്‍ എജൻ്റായി പ്രവ‍ത്തിച്ചിരുന്ന മുൻ സോഫ്റ്റ്‍വെയർ എഞ്ചിനീയർ, ക്ലർക്ക്, മെക്കാനിക്കുമാർ, ഇടനിലക്കാർ എന്നിവരും ഉള്‍പ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് എസ്‍യുവി വാഹനം മോഷണം പോയെന്ന് കാട്ടി പിതാംപുര സ്വദേശി നല്‍കിയ പരാതിയില്‍ മൗര്യ എൻക്ലേവ് പോലീസ് രജിസ്റ്റ‍ർ ചെയ്ത കേസാണ് വമ്പൻ വാഹന മോഷണ റാക്കറ്റിലേക്ക് വഴിതെളിച്ചത്. കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറി. അന്വേഷണത്തില്‍ ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്ത‍ർ പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വമ്പൻ ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.

വാഹന മോഷണത്തിന് പുറമേ, വായ്പാ അടവ് മുടങ്ങിയ വാഹനങ്ങള്‍ സംഘടിപ്പിച്ചു ചേസ്, എഞ്ചിൻ നമ്പരുകളില്‍ കൃത്രിമം നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. വ്യാജ വില്‍പനാ സ‍‍ർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ പേപ്പറുകളും കൃത്രിമമായി സൃഷ്ടിച്ച ബാങ്ക് എൻഒസികളും ഉപയോഗിച്ചാണ് വാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. മോഷ്ടിച്ച വാഹനങ്ങള്‍ നിയമാനുസൃതമാക്കി മാറ്റി മറിച്ചുവില്‍ക്കാനായി സമാന്തര സംവിധാനമാണ് പ്രതികള്‍ സൃഷ്ടിച്ചിരുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

വ്യാജ രജിസ്ട്രേഷൻ രേഖകള്‍ പ്രോസസ്സ് ചെയ്യുന്നതിനായി ഒടിപിയില്‍ കൃത്രിമം നടത്തി ലഭിച്ച അനധികൃത ക്രെഡൻഷ്യലുകള്‍ ഉപയോഗിച്ച്‌ വാഹൻ പോർട്ടലിലേക്കുള്ള ആക്‌സസ് ദുരുപയോഗം ചെയ്‌തതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പിടിക്കപ്പെടാതിരിക്കാൻ വികേന്ദ്രീകതമായി പ്രവ‍ർത്തിച്ചിരുന്ന സംഘം, മോഷണം, റീ-രജിസ്ട്രേഷൻ, വില്‍പന എന്നിവ വെവ്വേറെ സംസ്ഥാനങ്ങളിലാണ് നടത്തിയിരുന്നതെന്നും ചില അംഗങ്ങള്‍ ക്രിമിനല്‍ പ്രവൃത്തികള്‍ക്കും വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നതായും പോലീസ് കൂട്ടിച്ചേർത്തു.

ആയിരത്തലധികം വാഹനങ്ങള്‍ വ്യാജ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കേസിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് ഈ വർഷം ജനുവരിയില്‍ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു.

Hot Topics

Related Articles