തിരുവനന്തപുരം: വയനാട്ടില്‍ നിന്നും മൃഗശാലയിലെത്തിച്ച പെണ്‍കടുവ ചത്തു. വയനാട്ടില്‍ നിന്ന് പിടികൂടി പുനരധിവസിപ്പിച്ചിരുന്ന പത്ത് വയസ് പ്രായമുള്ള കടുവ രാവിലെ ആറോടെയാണ് ചത്തത്. അക്യൂട്ട് ബ്രോങ്കോ ന്യുമോണിയയാണ് മരണകാരണമെന്ന് വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണ്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കരള്‍ രോഗബാധ നേരത്തെ തന്നെ ഉള്ളതുകൊണ്ട് മരുന്നുകളോട് ശരീരം പ്രതികരിച്ചിരുന്നില്ല. 2025 ജനുവരിയിലാണ് ജനവാസമേഖലയില്‍ ഭീതി ഉയർത്തിയതിനെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ അമരികുനി മേഖലയില്‍ നിന്ന് ഈ കടുവയെ പിടികൂടിയത്.
അമരക്കുനി തൂപ്ര ഭാഗത്ത് സ്ഥാപിച്ച കൂട്ടില്‍ ജനുവരി 17-ന് പുലർച്ചെയാണ് കടുവ കുടുങ്ങിയത്. പ്രദേശത്ത് പല ആടുകളെയും കടുവ കൊന്നിരുന്നു. പിടികൂടുമ്പോള്‍ പരിക്കേറ്റ നിലയിലായിരുന്ന കടുവയെ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകള്‍ നഷ്ടപ്പെട്ടതിനാല്‍ കാട്ടിലേക്ക് തിരിച്ചുവിടാതെ മൃഗശാലയില്‍ പുനരധിവസിപ്പിക്കുകയായിരുന്നു. ഇനി ശ്രാവണ്‍ എന്ന വെള്ള കടുവയും രണ്ട് ബംഗാള്‍ കടുവകളുമാണ് മൃഗശാലയിലുള്ളത്. ഇവയുടെ ശരാശരി ആയുസ് 12 വയസ് ആണ്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻടിസിഎ) മാർഗനിർദ്ദേശങ്ങള്‍ അനുസരിച്ച് ഡോ. ഹരീഷ് സി (പാലോട് എസ്‌ഐഎഡി), മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു.വൈകിട്ട് നാലിന് മൃതദേഹം ദഹിപ്പിച്ചു.

