കൊച്ചി : പാചകവാതക വിലവർധനവും പ്രതിസന്ധിയും കേരളത്തിലെ കേറ്ററിംഗ് മേഖലയെ ഇല്ലാതാക്കുമെന്ന് ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഏലിയാസ് സക്കറിയ. പാചകവാതക വിലവർധനവിനെതിരെ കൊച്ചിയിൽ കേറ്ററേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കേറ്ററിംഗ് മേഖല നാളുകളായി പ്രതിസന്ധിയെ അഭിമുഖീകരിച്ചു വരികയാണ്. യുദ്ധത്തിൻറെ പേരിൽ ഇടക്കാലത്ത് ഉണ്ടായ പാചകവാതക പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് കേറ്ററിംഗ് മേഖലയെയാണ്.



മുൻകൂട്ടി ബുക്ക് ചെയ്ത ചടങ്ങുകൾക്കായി മുൻ നിശ്ചയിച്ച പ്രതിഫലം വാങ്ങിയാണ് കേറ്ററിംഗ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ അടിക്കടി ഉണ്ടാകുന്ന പാചകവാതക വിലവർധനവും പ്രതിസന്ധിയും കേറ്ററിംഗ് സ്ഥാപനങ്ങളുടെ സ്വതന്ത്രമായുള്ള പ്രവർത്തനത്തെ സാരമായി ബാധിക്കുകയാണ്. മുൻകൂട്ടി വില നിശ്ചയിച്ച് ഉപഭോക്താക്കളോട് പറയാനാവാത്ത സാഹചര്യമാണ് ഈ വിലക്കയറ്റം സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഈ മേഖലയെയും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരെയും കടുത്ത പ്രതിസന്ധിയിൽ ആക്കുകയാണ്. സർക്കാരും വിവിധ വകുപ്പുകളും കേറ്ററിംഗ് മേഖലയിലെ ഈ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ്. ഈ സാഹചര്യത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി ഉള്ള ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ സമരത്തിൽ രക്ഷാധികാരികളായ ഇ കെ വർഗീസ് , ബാദുഷ കടലുണ്ടി , സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ പോൾ, ഫ്രഡി അൽമേഡ എന്നിവർ പ്രസംഗിച്ചു.

