ന്യൂഡൽഹി: വിവാഹ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ജ്വല്ലറി ഓഹരികള്‍ക്ക് വന്‍ തിരിച്ചടി.പ്രമുഖ കമ്പനിയായ ടൈറ്റന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ 6 ശതമാനത്തിലധികം ഇടിഞ്ഞു. ടൈറ്റനെ കൂടാതെ കല്യാണ്‍ ജ്വല്ലേഴ്സ്, സെന്‍കോ ഗോള്‍ഡ് തുടങ്ങിയ പ്രമുഖ ഓഹരികളുടെ വിലയിലും പത്ത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
എന്താണ് വിപണിയില്‍ സംഭവിച്ചത്?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആഗോള സാമ്പത്തിക പ്രതിസന്ധിയും വിദേശനാണ്യ ശേഖരത്തിലെ കുറവും ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുമെന്ന ഭയത്തിലാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചത്. കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരികളില്‍ 8 ശതമാനത്തോളം ഇടിവുണ്ടായി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ടൈറ്റന് ഓഹരി വില 6.28% ഇടിഞ്ഞ് 4,230 രൂപയിലെത്തി. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് സെന്‍കോ ഗോള്‍ഡിനാണ്. ഓഹരി വില ഏകദേശം 9% ഇടിഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍; സാമ്പത്തിക കാരണങ്ങള്‍
ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതും വിദേശനാണ്യ ശേഖരത്തില്‍ ഉണ്ടാകുന്ന കുറവുമാണ്് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍. ഇന്ത്യ സ്വര്‍ണവും ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നത് അമേരിക്കന്‍ ഡോളര്‍ നല്‍കിയാണ്. സ്വര്‍ണം വാങ്ങുന്നത് കൂടുമ്പോള്‍ രാജ്യത്തെ ഡോളര്‍ ശേഖരം വന്‍തോതില്‍ കുറയും. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ ബാധിക്കും.പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം ഇന്ധന വില കൂടാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കാനും സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാനുമാണ് മോദി ആവശ്യപ്പെട്ടത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം ശരാശരി 60 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിനായി ഏകദേശം 600 കോടി ഡോളറാണ് രാജ്യം ചിലവിടുന്നത്.
മികച്ച ലാഭത്തിലും ഓഹരികള്‍ താഴേക്ക്
കമ്പനികള്‍ മികച്ച ലാഭം നേടിയ സമയത്താണ് ഈ ഇടിവുണ്ടായത് എന്നത് ശ്രദ്ധേയമാണ്. മാര്‍ച്ച് പാദത്തില്‍ ടൈറ്റന് 1,179 കോടി രൂപ ലാഭം നേടിയിരുന്നു . കല്യാണ്‍ ജ്വല്ലേഴ്സിന്റെ ലാഭം ഇരട്ടിയായി വര്‍ദ്ധിച്ച് 409.5 കോടി രൂപയിലെത്തിയിരുന്നു. എങ്കിലും, വരാനിരിക്കുന്ന വിവാഹ സീസണില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം മൂലം കച്ചവടം കുറയുമോ എന്ന ആശങ്കയിലാണ് വിപണിയിപ്പോള്.


