കോഴിക്കോട്: മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ച നീണ്ടുപോകുന്നതിനിടെ പാണക്കാട്ട് ഇന്ന് മുസ്ലിം ലീഗിന്റെ നേതൃയോഗം. വി ഡി സതീശനുള്ള പിന്തുണയില്‍ ഉറച്ച് നില്‍ക്കാനാണ് ലീഗിന്‍റെ തീരുമാനം. മുഖ്യമന്ത്രി ആരെന്ന് തീരുമാനം വന്നാല്‍ ലീഗിന്‍റെ തുടർനടപടികളും ചർച്ചയാകും. ലീഗില്‍ നിന്നും ആരൊക്കെ മന്ത്രിമാരാകുമെന്നതിലും ഇന്ന് തീരുമാനമുണ്ടാകും. ലീഗിന്‍റെ ഉന്നതാധികാര സമിതിയിലെ പന്ത്രണ്ടോളം പേരാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുക. മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച ശേഷം യോഗം ചേരാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ലീഗിന്‍റെ അഭിപ്രായം പരിഗണിക്കാതെ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാല്‍ എന്തു നിലപാട് സ്വീകരിക്കണം എന്ന് ഇന്നത്തെ യോഗം ചർച്ച ചെയ്യും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ ലീഗ് നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ടായ അതൃപ്തിയും ചർച്ച ചെയ്യും.
കോണ്‍ഗ്രസിനോട് ഇനി അനുനയത്തിലുള്ള സമീപനമാവില്ല എന്നാണ് ലീഗ് നേതാക്കള്‍ നല്‍കുന്ന സൂചന. സതീശൻ അല്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും എംഎല്‍എ തന്നെ മുഖ്യമന്ത്രിയാകണം എന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്. ദീപാദാസ് മുൻഷി അടക്കമുള്ള നേതാക്കളുമായി ലീഗ് നിരന്തരം ചർച്ച നടത്തുന്നുണ്ട്. ജനവികാരം മാനിച്ചായിരിക്കണം തീരുമാനം എന്ന അഭിപ്രായമാണ് ലീഗ് തുടക്കം മുതല്‍ സ്വീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻവിധിയില്ലെന്ന് രാഹുല്‍ ഗാന്ധി
കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും. കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകള്‍ ആകാംക്ഷയിലാണ്. ദില്ലിയില്‍ ഇന്നലെ നടന്ന അതി നിർണായക ചർച്ചയില്‍ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളില്‍ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആർ സി പക്ഷങ്ങള്‍. എംഎല്‍എമാരുടെ നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കിയെന്നാണ് ഇരു പക്ഷങ്ങളും വിലയിരുത്തുന്നത്. അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
രാഹുലിനും പ്രിയങ്കക്കുമെതിരെ വയനാട്ടില്‍ പോസ്റ്റർ പ്രതിഷേധം
കേരളത്തിലെ മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കമാൻഡിനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടില്‍ പോസ്റ്റർ പ്രതിഷേധം. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കെ സി വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വെറുമൊരു പെട്ടിയെടുപ്പുകാരൻ ആണെന്നും പോസ്റ്ററില്‍ വിമർശനമുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിന്‍റെയും പ്രിയങ്കയുടെയും വിഡ്ഢിത്തരങ്ങള്‍ക്ക് കേരളം മാപ്പ് നല്‍കില്ലെന്നും പോസ്റ്ററില്‍ പറയുന്നു. വയനാടിനെ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും മറന്നേക്കൂ എന്നും ഇനി ഇവിടെ നിന്ന് ജയിക്കില്ലെന്നും പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു. ആരുടെയും പേരില്ലാതെയാണ് ഈ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.


