ടെഹ്‌റാൻ: മിഡില്‍ ഈസ്റ്റില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കവെ അന്താരാഷ്ട്ര തലത്തില്‍ പുതിയ ആരോപണ പ്രത്യാരോപണങ്ങള്‍.ഇറാനുമായി നിലനില്‍ക്കുന്ന യുദ്ധക്കുരുക്കില്‍ നിന്നും രക്ഷപ്പെടാൻ അമേരിക്ക ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഇതിനായി മറ്റ് അയല്‍രാജ്യങ്ങളെ ആക്രമിക്കുകയും അതിന്റെ പഴി ഇറാന്റെ മേല്‍ കെട്ടിവെക്കാനുമാണ് അമേരിക്കൻ നീക്കമെന്ന് ഇറാന്റെ ഐആർഐബി (IRIB) മാധ്യമം റിപ്പോർട്ട് ചെയ്തു. യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകള്‍ തകർത്തു. ഇറാഖ് വ്യോമഅതിർത്തിയില്‍ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ആക്രമണം ഉണ്ടായതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അതിനിടെ, യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം വ്യക്തമാക്കി. യാതൊരു പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട ഈ ഭീകരാക്രമണം യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്. ഇത്തരത്തിലുള്ള അക്രമണങ്ങള്‍ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി. ഈ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയില്‍ അപലപിക്കുകയും യുഎഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേഖലയിലെ പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമാധാനം ലക്ഷ്യമിട്ട് ഖത്തർ പ്രധാനമന്ത്രി ഇറാനുമായി നേരിട്ട് സംസാരിച്ചു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ മുൻനിർത്തി ഇരുരാജ്യങ്ങളും പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ പാകിസ്ഥാനുമായും ഖത്തർ ഔദ്യോഗികമായി ചർച്ചകള്‍ നടത്തിയിട്ടുണ്ട്. ബറക ആണവനിലയത്തിന് സമീപമുണ്ടായ അക്രമണവും സൗദിക്ക് നേരെയുള്ള ഡ്രോണ്‍ നീക്കങ്ങളും അന്താരാഷ്ട്ര തലത്തില്‍ വലിയ ചർച്ചകള്‍ക്കാണ് നിലവില്‍ വഴിവെച്ചിരിക്കുന്നത്.


