വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള കല്‍ക്കരി ഖനിയിൽ സ്ഫോടനം : സ്ഫോടനത്തില്‍ 90 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ബിജിംഗ്: വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 90 തൊഴിലാളികള്‍ കൊല്ലപ്പെട്ടു.ചൈനയില്‍ കഴിഞ്ഞ 17 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ ഖനി ദുരന്തമാണിത്. വെള്ളിയാഴ്ച രാത്രി 7.29ഓടെയാണ് ഷാൻസി പ്രവിശ്യയിലെ ക്വിൻയുവാൻ കൗണ്ടിയിലുള്ള ലിഷെൻയു കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായത്. സ്ഫോടനം നടക്കുന്ന സമയത്ത് 247 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഖനിക്കുള്ളിലെ കാർബണ്‍ മോണോക്സൈഡ് വാതകത്തിന്റെ അളവ് കണ്ടെത്താനുള്ള സെൻസറുകള്‍ അപായ സൂചന നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു വൻ സ്ഫോടനം നടന്നത്. വിഷവാതകവും പുകയും ഉയർന്നതിനെ തുടർന്ന് നിരവധി തൊഴിലാളികള്‍ക്ക് ശ്വാസതടസ്സം നേരിടുകയും പലരും ബോധരഹിതരാകുകയും ചെയ്യുകയായിരുന്നു.

Advertisements

755ഓളം പേരടങ്ങുന്ന അടിയന്തര രക്ഷാപ്രവർത്തകരും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയാണ് ഖനിയില്‍ രക്ഷാപ്രവർത്തനം നടത്തിയത്. ഖനിക്കുള്ളില്‍ നിന്നും പുറത്തെത്തിച്ച തൊഴിലാളികളില്‍ 123 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ശനിയാഴ്ച രാവിലെയോടെയാണ് മരണസംഖ്യ 90 ആയി ഉയർന്നതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഖനി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യത്തെ മുഴുവൻ പ്രവിശ്യകളും വകുപ്പുകളും ഈ അപകടത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നും തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിരന്തരം ജാഗ്രത പാലിക്കണമെന്നും പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ച്‌ സമഗ്രവും കർശനവുമായ അന്വേഷണം നടത്താനും വീഴ്ച വരുത്തിയവർക്കെതിരെ നിയമപ്രകാരം കർശന നടപടിയെടുക്കാനും അദ്ദേഹം ഉത്തരവിട്ടു. ചൈനീസ് പ്രീമിയർ ലി ചിയാംഗും കൃത്യമായ വിവരങ്ങള്‍ സമയബന്ധിതമായി പുറത്തുവിടാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അധികാരികള്‍ക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി ദുരന്തത്തിന് കാരണമായ ഖനി കമ്പനിയുടെ എക്സിക്യൂട്ടീവുകളെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൈനയിലെ പ്രധാന കല്‍ക്കരി ഉല്‍പ്പാദന കേന്ദ്രമായ ഷാൻസി പ്രവിശ്യയില്‍ മുൻകാലങ്ങളില്‍ കടുത്ത സുരക്ഷാ വീഴ്ചകളും അപകടങ്ങളും പതിവായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ചൈന കല്‍ക്കരി ഖനികളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമാക്കുകയും മരണനിരക്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്തിരുന്നെങ്കിലും, ഈ ദശകത്തിലെ ഏറ്റവും ദുരന്തമാണ് ലിഷെൻയു ഖനി സ്ഫോടനം.

Hot Topics

Related Articles