തൃശ്ശൂർ: തിരുവില്വാമല കുത്താമ്പുള്ളി കയറംപാറയിലെ ‘ഷെഫ് മില്‍സ് ആൻഡ് കമ്പനി’ എന്ന സ്ഥാപനത്തില്‍ കവർച്ച നടത്തി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പഴയന്നൂർ പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശി സൂര്യയെ (24) ആണ് പോലീസ് ചെന്നൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വലയിലാക്കിയത്. മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപന ഉടമകള്‍ സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു കവർച്ച.
മെയ് 25 തിങ്കളാഴ്ച രാത്രി സ്ഥാപനത്തിലെ സിസിടിവി ക്യാമറകള്‍ ബോധപൂർവ്വം ഓഫാക്കിയ ശേഷമാണ് സൂര്യ കവർച്ച നടത്തിയത്. തുടർന്ന് സ്ഥാപന ഉടമയുടെ സ്കൂട്ടറുമെടുത്ത് ഇയാള്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലേക്ക് കടന്നു. സ്കൂട്ടർ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച പ്രതി അവിടെനിന്നും ട്രെയിൻ മാർഗ്ഗം പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി. ഇവിടെ നിന്നും തമിഴ്നാട്ടിലെ തിരുപ്പൂരിലേക്ക് പോകാനായി ഇയാള്‍ ടാക്സി വിളിച്ചു. എന്നാല്‍ അത്രയും ദൂരം വരാൻ കഴിയില്ലെന്ന് ടാക്സി ഡ്രൈവർ വ്യക്തമാക്കിയതോടെ കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടു. കോയമ്പത്തൂർ എത്തിയ പ്രതി തന്റെ മൊബൈല്‍ ഫോണ്‍ ടാക്സി കാറിനുള്ളില്‍ മനഃപൂർവ്വം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതി ലഭിച്ചതിന് പിന്നാലെ പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ പിന്തുടർന്ന പോലീസ് സംഘം ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തിയ ടാക്സി ഡ്രൈവറെ കണ്ടെത്തി, ഫോണ്‍ വീണ്ടെടുത്തു. ഡ്രൈവർ നല്കിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് മനസിലായി. പഴയന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധിലാലിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പ്രതിയെ തിരഞ്ഞ് തമിഴ്നാട്ടിലേക്ക് പോയി. പ്രതിയുടെ വീട് കേന്ദ്രീകരിച്ചും പാലക്കാട്, കോയമ്പത്തൂർ, കാഞ്ചിപുരം, തിരുവണ്ണാമലൈ, വേലൂർ, ചെയ്യാർ എന്നീ സ്ഥലങ്ങളില്‍ ദിവസങ്ങളോളം വ്യാപകമായ തിരച്ചില്‍ നടത്തി.
ഒടുവില്‍ തമിഴ്നാട്ടിലെ ഒളിത്താവളങ്ങളില്‍ നിന്നും ചെന്നൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പഴയന്നൂർ പോലീസ് സംഘം പ്രതിയെ അതിസാഹസികമായി പിടികൂടിയത്. ഇൻസ്പെക്ടർ സുധി ലാല്‍, സബ് ഇൻസ്പെക്ടർ മധുസൂദനൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനില്‍കുമാർ സി.ജെ, സി.പി.ഒ മാരായ വിപിൻ വി, ജൗഹർ, മനീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

