കോട്ടയം: ഭരണകൂടം ബോധപൂർവ്വം മൂടിവെക്കാൻ ശ്രമിക്കുന്ന കയ്പേറിയ ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്കാണ് അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലുള്ള ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) വിരൽചൂണ്ടുന്നതെന്നും, അവർ ഉയർത്തുന്ന പ്രസക്തമായ ജനകീയ വിഷയങ്ങളോട് കേരള യൂത്ത് ഫ്രണ്ട് (എം) പൂർണ്ണമായി യോജിക്കുന്നതായും സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ പ്രസ്താവിച്ചു.
രാജ്യത്തെ യുവജനങ്ങൾ നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മക്കെതിരെയും, നിലവിലുള്ള രാഷ്ട്രീയ ജീർണതകൾക്കെതിരെയും സി.ജെ.പി മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ കാലികപ്രസക്തിയുണ്ട്.
ദേശീയതലത്തിൽ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന അഴിമതികൾ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലത്തിലും നീറ്റ് (NEET) പരീക്ഷാ നടത്തിപ്പിലും വലിയ രീതിയിലുള്ള അഴിമതികളും ചോദ്യപേപ്പർ ചോർച്ചയുമാണ് പുറത്തുവന്നിരിക്കുന്നത്.
ലക്ഷക്കണക്കിന് സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവിയാണ് ഇതിലൂടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ബി.ജെ.പി ഭരണകൂടം സി.ബി.എസ്.ഇ പോലുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശ്വാസ്യത പോലും തകർത്തിരിക്കുകയാണ്.
അധികാര ദുർവിനിയോഗത്തിനും, അഴിമതിക്കും, ജനങ്ങളെ ഭിന്നിപ്പിച്ചുണ്ടാക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുമെതിരെയുള്ള ശക്തമായ നിലപാടുകളാണ് സി.ജെ.പി മുന്നോട്ട് വെക്കുന്നത്. ഡിജിറ്റൽ യുഗത്തിലെ യുവാക്കളുടെ പ്രതിഷേധത്തിന്റെ പുതിയ മുഖമായി മാറിയ ഇത്തരമൊരു കൂട്ടായ്മയുടെ ജനകീയ ആശയങ്ങൾ യുവാക്കൾക്കിടയിൽ വലിയ തോതിൽ പ്രചാരം നേടുന്നത് സ്വാഭാവികമാണെന്നും സിറിയക് ചാഴിക്കാടൻ കൂട്ടിച്ചേർത്തു.


