വാഷിംഗ്ടണ്‍: ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്ന ഇറാൻ ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് കര്‍ശന നിബന്ധനകളോടെ അമേരിക്ക വിസ അനുവദിച്ചു. രാഷ്ട്രീയ-നയതന്ത്ര ഭിന്നതകളുടെ പശ്ചാത്തലത്തില്‍, മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള കടുത്ത നിബന്ധനകളോടെയാണ് ഇറാൻ താരങ്ങള്‍ക്ക് അമേരിക്ക വിസ നല്‍കിയിരിക്കുന്നത്. മത്സരം നടക്കുന്ന ദിവസം മാത്രം രാജ്യത്ത് പ്രവേശിക്കാനും, മത്സരം കഴിഞ്ഞ ഉടൻ തന്നെ രാത്രിയില്‍ രാജ്യം വിടാനുമാണ് അമേരിക്കൻ ഭരണകൂടം ഇറാൻ കളിക്കാർക്കും ഒഫീഷ്യലുകള്‍ക്കും അനുമതി നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി മെക്സിക്കോയിലെ ഇറാൻ അംബാസഡർ വ്യക്തമാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ യാത്രാ പ്രതിസന്ധി നേരിടുന്ന ടീമായി ഇറാൻ മാറി.
മെക്സിക്കോയിലാണ് ഇറാന് ടീമിന്റെ പരിശീലന ക്യാംപ്. അമേരിക്കയിലെ മത്സരങ്ങള്‍ക്കെത്തുന്ന ടീം അരിസോണയില്‍ ആയിരുന്നു താമസിക്കേണ്ടിയിരുന്നത്. ഗ്രൂപ് ഘട്ടത്തില്‍ അമേരിക്കയില്‍ 3 മത്സരങ്ങളാണ് ഇറാന് കളിക്കേണ്ടത്. അമേരിക്കയും ഇറാനും ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താല്‍ പ്രീ ക്വാർട്ടറില്‍ നേർക്കുനേർ വരും.അമേരിക്ക ഡി ഗ്രൂപ്പിലും ഇറാൻ ജി ഗ്രൂപ്പിലും ആണ്. സാധാരണയായി ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകള്‍ക്ക് ആഴ്ചകള്‍ക്ക് മുൻപ് തന്നെ ടീമുകള്‍ എത്തി പരിശീലനം നടത്താറുണ്ട്. എന്നാല്‍ പുതിയ നിയന്ത്രണം അനുസരിച്ച് ഇറാൻ താരങ്ങള്‍ക്ക് അമേരിക്കയില്‍ ക്യാമ്പ് ചെയ്യാനോ ദീർഘനേരം പരിശീലിക്കാനോ സാധിക്കില്ല. മത്സരദിവസം അമേരിക്കയില്‍ വിമാനമിറങ്ങി, കളി കഴിഞ്ഞ് അന്നു രാത്രിതന്നെ അവർക്ക് രാജ്യം വിടേണ്ടി വരും. ഇത് കളിക്കാരുടെ ഫിറ്റ്നസിനെയും കളിയിലെ പ്രകടനത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറാൻ ടീമിന് വിസ പൂർണ്ണമായി നിഷേധിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് രാജ്യാന്തര ഫുട്ബോള്‍ ഫെഡറേഷൻ നേരത്തെ തന്നെ യുഎസ് അധികൃതരുമായി ചർച്ചകള്‍ നടത്തിയിരുന്നു. ഫിഫയുടെ ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് ഇപ്പോള്‍ നിയന്ത്രണങ്ങളോടെയെങ്കിലും വിസ നല്കാൻ അമേരിക്ക തയ്യാറായത്. അതേസമയം, കായിക വേദിയില്‍ രാഷ്ട്രീയം കലർത്തരുതെന്ന ആവശ്യവുമായി ഇറാൻ ഫുട്ബോള്‍ ഫെഡറേഷൻ രംഗത്തെത്തിയിട്ടുണ്ട്. ഒരേ ദിവസം വന്ന് കളിച്ച് മടങ്ങുക എന്നത് കളിക്കാർക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും, വിഷയത്തില്‍ ഫിഫ കൂടുതല്‍ ഇളവുകള്‍ വാങ്ങി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഇറാൻ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക


