കോട്ടയം : കൃഷിയിടങ്ങളെ കണ്ണീർപാടങ്ങളാക്കുന്ന കാട്ടുപന്നി ആക്രമങ്ങളെ ചെറുക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്ത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. കാട്ടുപന്നികളെ ഉൻമൂലനം ചെയ്യാനുള്ള സ്പെഷ്യൽ ഡ്രൈവ് കർഷക സമൂഹത്തിന്റെ ദീർഘകാല ആവശ്യമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 61 മനുഷ്യജീവനുകളാണ് കാട്ടുപന്നികളുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്. മലയോരത്ത് മാത്രമല്ല ജനവാസമേഖലകളിലെല്ലാം കാട്ടുപന്നികൾ പെരുകി കഴിഞ്ഞു. ബൈക്ക് യാത്രികരടക്കം സാധാരണക്കാരായ നൂറ് കണക്കിന് മനുഷ്യർ അപടകത്തിൽ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്. കർഷകർ വായ്പ്പയെടുത്തും വിയർപ്പൊഴുക്കിയും വിളയിച്ചെടുക്കുന്ന അധ്വാനം ഒരു നിമിഷം കൊണ്ടാണ് ഇല്ലാതാകുന്നത്. ഇലക്ട്രിക് വേലികൾ പോലും തകർത്താണ് വന്യമൃഗങ്ങൾ കൃഷിയിടങ്ങൾ കൊള്ളയടിക്കുന്നത്. ജനവാസമേഖലകളിൽ ഇറങ്ങി മനുഷ്യജീവന് ഭീഷണി സൃഷ്ടിക്കുന്ന ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കാടിറങ്ങാതിരിക്കാനുള്ള സമഗ്രമായ പദ്ധതികൾ സർക്കാരിൽ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നതായും അഡ്വ.ബിജു ഉമ്മൻ വ്യക്തമാക്കി.
കാട്ടുപന്നികളെ ഉൻമൂലനം ചെയ്യാനുള്ള സർക്കാർ ദൗത്യം മലയോര കർഷകർക്ക് പ്രത്യാശ പകരുന്നത് : അഡ്വ.ബിജു ഉമ്മൻ


