ഹൂസ്റ്റൺ: ഹൂസ്റ്റണിന്റെ ശൂന്യാകാശത്ത് നിശ്ചലനായി നിൽക്കുകയായിരുന്നു ആ കാരിരുമ്പിന്റെ കരുത്തുള്ള മുന്നേറ്റക്കാരൻ. സ്വന്തം താരങ്ങളിൽ നിന്നും പന്ത് കാലിലേയ്‌ക്കെത്താതെ അയാൾ തളർന്നു നിൽകുമ്പോൾ, പന്തെത്തുമ്പോഴെല്ലാം അയാളെ ചുറ്റി വരിഞ്ഞ് ആ നീലപ്രതിരോധക്കാരുമുണ്ടായിരുന്നു. ആരാണ് വലിയവനെന്ന ചോദ്യത്തിന് ഖത്തറിൽ ഒരുത്തരം നൽകി ഒരു പടി മുന്നിൽക്കയറിയ ആ കുറിയ മനുഷ്യന് തന്റെ ബൂട്ട് കൊണ്ട് മറുപടി നൽകാനാണ് ഒറ്റയ്ക്ക് പടനയിച്ച് ശീലമുള്ള ആ പോരാളി ഇറങ്ങിയത്.
എന്നാൽ, 52 വർഷത്തിന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ആ കുഞ്ഞൻ രാജ്യത്തിന്റെ പോരാട്ട മികവും പ്രതിരോധ പ്രത്യാക്രമണ തന്ത്രങ്ങളും ആ ചുവപ്പൻ പോർച്ചുഗീസ് പടയാളിയുടെ പടക്കോപ്പുകളിലേയ്ക്ക് വെള്ളമൊഴിക്കുന്നതായിരുന്നു. ആറാം മിനിറ്റിൽ പച്ചയും ചുവപ്പും ചേർന്ന പോർച്ചു ഗീസ് പടയണിയിലെ ഗർജിക്കുന്ന തോക്കുകളിൽ ഒന്ന് വെടിപൊട്ടിച്ചു. ഇടത് വിങ്ങിൽ നിന്നും താഴ്ന്നിറങ്ങി വന്ന ഒരു പന്തിനെ തലയിൽ താങ്ങിയെടുത്ത് വലയിലേയ്ക്കിറക്കി വിട്ട ജാവോ നവേസ്, പറങ്കിപ്പടയുടെ അഭിമാനമാണ് വാനോളം ഉയർത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പറക്കിപട ഗോൾ വിണതോടെ തളർന്നതിനൊപ്പം, കോംഗോയുടെ കാലുകളിൽ തീ പടരുകയായിരുന്നു. കൃത്യമായ പ്രതിരോധവും, പിന്നീടുള്ള പ്രത്യാക്രമണവും പലപ്പോഴും പറക്കിപടയുടെയും ആ പടനായകന്റെയും താളം തെറ്റിച്ചു. പച്ചപ്പുൽമൈതാനത്തിറങ്ങിയാൽ തൊട്ടതെല്ലാം പൊന്നാക്കുന്ന ആ കാലുകൾ പക്ഷേ, തടഞ്ഞു വച്ചിരിക്കുകയായിരുന്നു. ആ പടനായകന്റെ കാലിലേയ്ക്ക് ഒഴുകിയെത്തിയിരുന്ന പന്തുകളെ ഇടയ്ക്കുവച്ച് വെട്ടിനീക്കുകയായിരുന്നു കോംഗോ പ്രതിരോധ ഫാക്ടറി.
കടുത്ത പ്രതിരോധവും പിന്നീട് പ്രത്യാക്രമണവുമായി കളം നിറഞ്ഞ കോംഗോയ്ക്ക് മറുപടി ലഭിച്ചത് ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിലായിരുന്നു. 45 ആം മിനിറ്റിന് ശേഷമുള്ള അഞ്ചാം മിനിറ്റിൽ മറ്റൊരു ഹെഡർ വലയിൽ. കോംഗോയ്ക്കായി 52 വർഷത്തെ ലോകകപ്പ് ചരിത്രം തിരുത്തി യോനേ വിസ ഗോൾ നേടി. പിന്നീട്, രണ്ടാം പകുതിയിൽ കൂടുതൽ മൂർച്ച നഷ്ടമായ പറങ്കിപ്പടയെയാണ് കണ്ടത്. കഴിഞ്ഞ പുലർച്ചെ മൂന്നു ഗോളിനായി തളികയിൽ എന്ന പോലെ തങ്ങളുടെ മിശിഹയ്ക്ക് പന്തെത്തിച്ചു നൽകുന്ന പടയാളികളെ കണ്ട കാണികൾക്ക് പക്ഷേ, മൈതാന മധ്യത്തിൽ കാലിൽ പന്തില്ലാതെ നിരാശനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന പറങ്കിപ്പടനായകന്റെ കാഴ്ച ഏറെ വേദന നൽകുന്നതായിരുന്നു.
ഖത്തറിൽ താനാരാണെന്നും താനെന്താണെന്നും തെളിയിച്ചൊരാൾ വെല്ലുവിളികളൊന്നുമില്ലാതെ അമേരിക്കൻ മൈതാനങ്ങളിൽ ഒരു തെളിനീർ അരുവിപോലെ ഒഴുകിയിറങ്ങുമ്പോൾ, ആറാം ലോകകപ്പിനിറങ്ങിയ മറ്റൊരു കരുത്തൻ ഇന്ന് സമനില തെറ്റി സമനിലക്കുരുക്കിലായിരുന്നു. ലോകത്തിന്റെ ആ കപ്പിനെ തനിക്കുവേണമെന്ന് അമിതമായി ആഗ്രഹിക്കുന്ന ആ പറങ്കിപ്പോരാളിയ്ക്ക് ഈ കളിമതിയാകുമോ ഫൈനലിലെത്താൻ…!


