കോട്ടയം: കാർ ഈടുവെച്ച് എടുത്ത വായ്പ അടച്ചുതീർത്തിട്ടും വായ്പ അടച്ചതായുള്ള സർട്ടിഫിക്കറ്റ്(നോ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ്) നൽകാത്ത ധനകാര്യ സ്ഥാപനം നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും കോടതിച്ചെലവിനത്തിൽ അയ്യായിരം രൂപയും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.
ദേവലോകം ത്രീ എ അസറ്റ് പിക്കാസോ പാലറ്റിൽ താമസിക്കുന്ന ബിവിൻ ബാബു കൊച്ചി എംജി റോഡിലുള്ള മുത്തൂറ്റ് ക്യാപിറ്റൽ സർവീസ് ലിമിറ്റഡിനെതിരേ നൽകിയ പരാതിയിലാണ് വിധി. 2024ൽ ആണ് ഈ സ്ഥാപനത്തിൽ വാഹനം ഈട് നൽകി ബിവിൻ ബാബു 14,14,290 രൂപ വായ്പയായി എടുത്തത്. പലിശസഹിതം 60 തുല്യതവണകളായി അടയ്ക്കണമെന്നും രണ്ടുതവണയിൽ കൂടുതൽ മുടക്കം വരുത്തിയാൽ കരാർ അവസാനിക്കുമെന്നും ബാലൻസ് തുക ഒറ്റത്തവണയായി അടയ്ക്കണമെന്നുമായിരുന്നു വ്യവസ്ഥ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2025 ജനുവരിക്കുശേഷം രണ്ട് തവണ മുടക്കം വന്നു. തുടർന്ന് കരുനാഗപ്പള്ളിയിൽ വെച്ച് ഒരു സംഘം കാർ തടഞ്ഞതിനേത്തുടർന്ന് ബെവിൻ തുക സംഘടിപ്പിച്ച് ബാക്കി തുക മുഴുവൻ അടച്ചതോടെ കാർവിട്ടുനൽകി. എന്നാൽ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടിട്ടും നോ ലോൺ ക്ലോഷർ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു കാട്ടിയാണ് കമ്മിഷനെ സമീപിച്ചത്.
പരാതിക്കാരൻ അടച്ച തുകയേക്കാൾ കൂടുതൽ തുക എതിർകക്ഷിക്ക് നൽകാനുണ്ടെന്ന് തെളിയിക്കാൻ പറ്റിയില്ലെന്നു വിലയിരുത്തിയ കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകാത്തതുമൂലം വാഹനത്തിന്റെ പേരിലുള്ള ഹൈപ്പോതിക്കേഷൻ ഒഴിവാകാത്തത് എതിർകക്ഷിയുടെ സേവന ന്യൂനതയായി കണ്ടെത്തി. അഡ്വ. വി.എസ്, മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള കമ്മീഷനാണ് ഉത്തരവിട്ടത്.


