ചെന്നൈ : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു അണക്കെട്ടിലും നിലപാട് കടുപ്പിക്കാൻ വിജയ് സർക്കാർ.കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ടിന് കർണാടകത്തിന് കേന്ദ്രം അനുമതി നല്കരുതെന്നാണ് ടിവികെ സർക്കാർ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് തമിഴ്നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് ആലോചന. കർണാടകയിലെ കോണ്‍ഗ്രസ്സ് സർക്കാരിനെ വിമർശിച്ചുള്ള പ്രമേയത്തിനാണ് ടിവികെയുടെ നീക്കം. മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്ക് തമിഴ്‌നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ അനുമതി നല്‍കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് അണക്കെട്ടിനെതിരെ ടിവികെ സർക്കാർ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നത്. കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന നിർദിഷ്ട അണക്കെട്ട് തമിഴ്നാട്ടിലെ കർഷകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിജയ് സർക്കാർ പറയുന്നത്. കർണാടക സർക്കാർ കാവേരി നദിക്ക് കുറുകെ നിർദേശിച്ചിരിക്കുന്ന ജലവൈദ്യുത – കുടിവെള്ള പദ്ധതിയാണ് മേക്കെദാട്ടു അണക്കെട്ട്. ബെംഗളൂരു നഗരത്തിലേക്കുള്ള കുടിവെള്ളവും വൈദ്യുതി ഉത്പാദനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തമിഴ്‌നാട് അതിർത്തിയില്‍ നിന്ന് വെറും നാല് കിലോമീറ്റർ അകലെ രാമനഗര ജില്ലയിലെ കനകപുരയ്ക്ക് സമീപം കാവേരി നദിക്ക് കുറുകെ നിർദിഷ്ട പദ്ധതി നിർമിക്കാനാണ് കർണാടക സർക്കാർ നീക്കം നടത്തുന്നത്. ഇത് കർഷകർക്ക് തിരിച്ചടിയാകുമെന്നാണ് തമിഴ്നാടിന്‍റെ വാദം.


