ഫിലാഡൽഫിയ: ആദ്യ മത്സരത്തിൽ മൊറോക്കോയുടെ മുന്നിൽ സമനിലയിൽ കുടുങ്ങിയ ബ്രസീൽ ആരാധകർക്ക് കാലുകൊണ്ട് മറുപടി നൽകി കുൻഹയും, വിനീഷ്യസ് ജൂനിയറും. ഫിലാഡൽഫിയയുടെ മണ്ണിൽ നീലക്കുപ്പായവുമായി കളത്തിലിറങ്ങിയ മഞ്ഞപ്പട ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളിനാണ് ഹെയ്തിയെ മുക്കിയത്. ഇതോടെ ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനം ഉറപ്പാക്കി ബ്രസീൽ മുന്നോട്ട് കുതിപ്പ് തുടങ്ങി.
ആദ്യ മത്സരത്തിൽ നിന്നും കൂടുതൽ വ്യത്യസ്തമായി ഒത്തിണക്കത്തോടെ കളിക്കുന്ന ബ്രസീലിനെയാണ് ആദ്യ പകുതിയിൽ കണ്ടത്. നെയ്മറിന് പരിക്കേറ്റതോടെ ആദ്യ പകുതിയിൽ സൂപ്പർതാരം ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങിയത്. പകരം ഇലവനിൽ തിരികെ എത്തിയ കുൻഹയാണ് ആദ്യം വെടിപൊട്ടിച്ചത്. മികച്ച ടച്ചോടെ മുന്നേറിയ ബ്രസീൽ 23 ആം മിനിറ്റിൽ ഗോൾ വലയിൽ എത്തിച്ചു. മാത്യു കുൻഹയുടെ ഷോട്ട് വലയിൽ വീണപ്പോൾ ബ്രസീൽ ആരാധാകർക്ക് ആശ്വാസമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
36 മിനിറ്റിൽ വീണ്ടും ഒരിക്കൽ കൂടി കുൻഹ ബ്രസീലിനെ രണ്ടാമതും മുന്നിൽ എത്തിച്ചു. ഇൻജ്വറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ മികച്ച ഷോട്ട് കൂടി വലയിൽ എത്തിയതോടെ ബ്രസീൽ പട്ടിക തികച്ചു. എന്നാൽ, രണ്ടാം പകുതിയിൽ കുൻഹയെയും, വിനീഷ്യസിനെയും അൻസലോട്ടി പിൻവലിച്ചതോടെ കളിയുടെ വേഗം കുറഞ്ഞു. പിന്നീട് ഗോളിന് നിരവധി ശ്രമങ്ങളുണ്ടായെങ്കിലും ഫിനിഷിംങിലേയ്ക്ക് എത്തിയില്ല. ഇടയ്ക്ക് ഒരു പന്ത് വലയിൽ കയറി. പക്ഷേ, അത് ഓഫ് സൈഡിൽ കുടുങ്ങുകയും ചെയ്തു. ഏതായാലും ലോകകപ്പിൽ ബ്രസീൽ ആരാധകർക്ക് ആശ്വസിക്കാനുള്ള കളി കാഴ്ച വച്ചാണ് ടീം മടങ്ങുന്നത്.


