ഫ്രാൻസിനോട് തോറ്റിട്ടും നോർവേ രണ്ടാം റൗണ്ടിൽ; ഇറാഖിനെ ഗോളിൽ മുക്കി സെനഗളും റൗണ്ട് ഓഫ് 32 വിൽ

ഹൂസ്റ്റൺ: നാലു ഗോൾ വിജയവുമായി ഫ്രാൻസും, അഞ്ചു ഗോളടിച്ച് സെനഗളും, തോറ്റിട്ടും നോർവേയും ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേയ്ക്ക് മാർച്ച് ചെയ്തു. ഗ്രൂപ്പ് ഐയിൽ നിന്നും ഒരു പോയിന്റ് പോലുമില്ലാതെ ഇറാഖ് മാത്രം പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ഡെബേലയുടെ ഹാട്രിക്കിലൂടെ 4-1 ന്റെ വിജയമാണ് ഫ്രാൻസ് നോർവേയ്ക്ക് എതിരെ നേടിയയത്. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും ഒൻപത് പോയിന്റുമായി ഫ്രാൻസ് റൗണ്ട് ഓഫ് 32 വിൽ എത്തി. സെനഗളിനെയും, ഇറാഖിനെയും തോൽപ്പിച്ച നോർവേ നേരത്തെ തന്നെ റൗണ്ട് ഓഫ് 32 ഉറപ്പിച്ചിരുന്നു. എന്നാൽ, ഫ്രാൻസിനോട് തോറ്റതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് നോർവേ രണ്ടാം റൗണ്ടിലേയ്ക്ക് യാത്ര ചെയ്യുന്നത്. റൗണ്ട് ഓഫ് 32 ഉറപ്പിച്ചതിനാൽ ഫ്രാൻസിനെതിരെ സൂപ്പർ താരം ഹാളണ്ട് അടക്കം 10 മാറ്റങ്ങളുമായാണ് നോർവേ ഇറങ്ങിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ഫ്രാൻസിനോട് നോർവേ തോറ്റ് മടങ്ങിയത്. ഇറാഖിനെ ഗോൾ മഴയിൽ മുക്കിയാണ് സെനഗളിന്റെ രണ്ടാം റൗണ്ട് പ്രവേശനം. നാലാം മിനിറ്റിൽ ഹബീബ് ദിയറ നേടിയ ഗോളിലൂടെയാണ് സെനഗൾ മുന്നിലെത്തിയത്. 56 ആം മിനിറ്റിൽ ഇസ്‌മെയിൽ സാറയും, 59 ആം മിനിറ്റിലും 71 ആം മിനിറ്റിലും പെപ്പേ ഗുയേയും നേടിയ ഗോളിലൂടെ സെനഗൾ ലീഡ് ഉർത്തി. 82 ആം മിനിറ്റിൽ ഇലിമാൻ ഇൻഡിയായേ നേടിയ അഞ്ചാം ഗോളിലൂടെ സെനഗൾ ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്നാം സ്ഥാനക്കാരായി ഐഗ്രൂപ്പിൽ നിന്നും രണ്ടാം റൗണ്ട് പ്രവേശനം ഉറപ്പിച്ചു. മൂന്നു മത്സരങ്ങളിൽ നിന്നും ഒരേ ഒരു വിജയം മാത്രമാണ് സെനഗളിനുള്ളത്. എന്നാൽ, എട്ടു ഗോളടിച്ച സെനഗൾ ആറെണ്ണം തിരിച്ചടിച്ചതാണ് നേട്ടമായി മാറിയത്. മൂന്നു പോയിന്റും ഗോൾ വ്യത്യാസവും സെനഗളിനെ തുണച്ചു. മൂന്നുകളികളും തോറ്റ് ഒരു പോയിന്റ് പോലുമില്ലാതെയാണ് ഇറാഖ് ഇക്കുറി മടങ്ങുന്നത്.

Advertisements

Hot Topics

Related Articles