തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച് നൽകിയ അരി തട്ടിച്ചെടുത്ത് കരിഞ്ചന്തയിൽ മറിച്ച് വിറ്റു :  മുൻ ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർക്കും കൺവീനർമാർക്കും തടവും പിഴയും 

അടൂർ : തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച് നൽകിയ അരി തട്ടിച്ചെടുത്ത് കരിഞ്ചന്തയിൽ മറിച്ച് വിറ്റ മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെയും, കൺവീനർമാരെയും തടവിനും പിഴ ഒടുക്കുന്നതിനും വിജിലൻസ് കോടതി ശിക്ഷിച്ചു.  പന്തളം ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കിയ സമ്പൂർണ ഗ്രാമീണ തൊഴിൽ പദ്ധതിയിലെ തൊഴിലാളികൾക്ക് കൂലിയായി സർക്കാർ അനുവദിച്ച് നൽകിയ അരി തട്ടിയെടുത്ത് കരിഞ്ചന്തയിൽ വിറ്റ് സർക്കാരിന് 13,08,999/- രൂപയുടെ നഷ്ടം വരുത്തിയ കേസിലെ പ്രതികളായ പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും കൊല്ലം പട്ടാഴി സ്വദേശിയുമായ കെ.വാസുദേവൻ നായർ (76), പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മുൻ ഗുണഭോക്തൃ സമിതി കൺവീനർമാരും പത്തനംതിട്ട പന്തളം സ്വദേശികളുമായ  വൈ. ഷാലു ഖാൻ ( 47), കെ. ശിവരാജൻ (62) എന്നിവരെ 14 വർഷം വീതം തടവിനും, 50,000/- രൂപ വീതം പിഴ ഒടുക്കുന്നതിനും കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചു.

Advertisements

2000 – 2005 കാലഘട്ടത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ സമ്പൂർണ ഗ്രാമീണ തൊഴിൽ പദ്ധതിയുടെ കീഴിൽ പന്തളം നഗരസഭാ പരിധിയിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായ തൊഴിലാളികൾക്ക് കൂലിക്ക് പകരമായി വിതരണം ചെയ്യാൻ സർക്കാർ എഫ്.സി.ഐ. ഗോഡൗണിൽ നിന്നും അരി അനുവദിച്ചിരുന്നു. ഇങ്ങനെ ലഭിച്ച 2,11,130 കിലോയോളം അരി പദ്ധതി നടപ്പിലാക്കാതെ പന്തളം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായിരുന്ന കെ.വാസുദേവൻ നായരും, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഞ്ച് ഗുണഭോക്തൃ സമിതി കൺവീനർമാരും ചേർന്ന്  ക്രമക്കേടുകൾ നടത്തി കരിഞ്ചന്തയിൽ മറിച്ച് വിൽക്കുകയും അതിലൂടെ സർക്കാരിന് 13,08,999/- രൂപയുടെ  സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തിരുന്നു. ഇതിന് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് 2008 ൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി  വിവിധ വകുപ്പുകളിലായി പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ.വാസുദേവൻ നായരെയും പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മുൻ ഗുണഭോക്തൃ സമിതി കൺവീനർമാരായ വൈ. ഷാലു ഖാൻ, കെ. ശിവരാജൻ എന്നിവരെയും 14 വർഷം വീതം തടവിനും, 50,000/- രൂപ വീതം പിഴ ഒടുക്കുന്നതിനും കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റ് പ്രതികളായിരുന്ന മുൻ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റ് 3 ഗുണഭോക്തൃ സമിതി കൺവീനർമാരും കേസിന്റെ നടപടികൾക്കിടെ മരണപ്പെട്ടിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലം വിജിലൻസ് കോടതി ജഡ്‌ജ് ഡോ. മോഹിത്ത് ആണ് വിധി പുറപ്പെടുവിച്ചത്. പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പിമാരായിരുന്ന സി.പി. ഗോപകുമാർ, ഹരി വിദ്യാധരൻ, റെജി എബ്രഹാം, ബേബി ചാൾസ്, ഇൻസ്പെക്ടറായ വി.എൻ.സജി എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. 

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

Hot Topics

Related Articles