ആലപ്പുഴ: ജീവകാരുണ്യകൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവന്റെ 23ാമത് ശാഖയുടെ മുതുകുളം ചൂളത്തെരുവിൽ ഞായറാഴച തുറക്കും. വൈകീട്ട് മൂന്നിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അധ്യക്ഷത വഹിക്കും. ആദ്യ അന്തേവാസിയെ മന്ത്രി എം. ലിജു സ്വീകരിക്കും. സജി ചെറിയാൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ. മഹേന്ദ്രൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. താഹ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ എന്നിവർ സംസാരിക്കും. മുൻ സി.ബി.ഐ അഡീഷനൽ സൂപ്രണ്ട് പുതിയവീട്ടിൽ എൻ. സുരേന്ദ്രൻ-സതി ദമ്പതികൾ ദാനമായി നൽകിയ 47സെന്റ് സ്ഥലത്ത് ഗാന്ധിഭവൻ നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തനം. പത്തനാപുരം കൂടാതെ കേരളത്തിൽ 22ശാഖകളുണ്ട്. വയോജനകേന്ദ്രം, ചിൽഡ്രൻസ് ഹോം, മാനസികാരോഗ്യകേന്ദ്രം, ലഹരിവിമുക്ത ചികിത്സാകേന്ദ്രം, പാലിയേറ്റിവ് കെയർ സെന്റർ, നിയമസഹായങ്ങൾക്ക് നീതിഭവൻ എന്നിവയും പ്രവർത്തിക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ഗാന്ധിഭവൻസെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ട്രസ്റ്റ് മെമ്പർ മുഹമ്മദ് ഷെമീർ എന്നിവർ പങ്കെടുത്തു.
പത്തനാപുരം ഗാന്ധിഭവൻ ശാഖ മുതുകുളത്ത്; ഉദ്ഘാടനം അഞ്ചിന്


