ആലപ്പുഴ: യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികപരാമർശം നടത്തിയ കേസിൽ പ്രതിക്ക് ഒരുവർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 14ാം വാർഡിൽ അജിൻ ഭവനം വീട്ടിൽ എ. ബിജുവിനെയാണ് (51) ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ടി.എ. സോഫിയ ശിക്ഷിച്ചത്. 2018 ആഗസ്റ്റ് മൂന്നിന് രാത്രി 8.30നായിരുന്നു സംഭവം. സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ കാരാഴ്മ ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തി ലൈഗീക പരാമർശം നടത്തി. പിന്നാലെ പിന്തുടർന്ന് യുവതിയുടെ വീടിന്റെ മുറ്റത്ത് അതിക്രമിച്ച് കയറി അശ്ലീല വാക്കുകൾ വിളിക്കുകയായിരുന്നു. മാന്നാർ സ്റ്റേഷനിലെ എസ്.ഐ കെ.എൽ. മഹേഷ് അന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ശോഭ വിനോദ് ഹാജരായി.
ആലപ്പുഴ ചെന്നിത്തലയിൽ യുവതിക്കുനേരെ ലൈംഗികപരാമർശം: ചെന്നിത്തല സ്വദേശിയായ മധ്യവയസ്കന് ഒരുവർഷവും മൂന്നുമാസവും തടവ്


