സ്നേഹാദരത്തിന്റെ നിറവിൽ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ : സ്കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ, പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി

മാന്നാനം: ജൂലൈ 6-ന് കുരിയാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘സ്നേഹാദരം’ ചടങ്ങിൽ, സ്കൂളിന്റെ മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ-ആത്മീയ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ.യ്ക്ക് സ്കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ, പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി.
സ്കൂൾ മാനേജർ റവ. ഫാ. ലൂക്കാ ചാവറ സി.എം.ഐ. അധ്യക്ഷനായ ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് റവ. ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ.യെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. വിദ്യാഭ്യാസ-ആത്മീയ രംഗങ്ങളിലെ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെയും വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം കാഴ്ചവച്ച സമർപ്പിത സേവനത്തെയും മന്ത്രി പ്രശംസിച്ചു.
സീനിയർ വൈസ് പ്രിൻസിപ്പൽ ഷാജി ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മാന്നാനം സെന്റ് ജോസഫ് ആശ്രമത്തിന്റെ പ്രയോർ റവ. ഫാ. ജോസഫ് വട്ടപ്പറമ്പിൽ സി.എം.ഐ. അനുഗ്രഹപ്രഭാഷണവും സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ. ആശംസാപ്രസംഗവും നടത്തി. തുടർന്ന് മെമന്റോയും സ്നേഹോപഹാരവും നൽകി ആദരിച്ചു. ‘Legacy of a Legend – 15 Years of Excellence’ ആൽബത്തിന്റെ പ്രകാശനവും നടന്നു.
ഫ്രാൻസിസ് ജോർജ് എം.പി., ASISC കേരള റീജിയൻ സെക്രട്ടറി റവ. ഫാ. ജോർജ് മാത്യു കരൂർ സി.എം.ഐ., ജില്ല പഞ്ചായത്ത് അംഗം ജിം അലക്സ്, പി.ടി.എ. പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ്, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർമാരായ ജോർജ് തോമസും സെബാസ്റ്റ്യൻ ജി. മാത്യുവും, അധ്യാപിക ഷൈനി ജിജോ, വിദ്യാർഥിനി കുമാരി പ്രിയാൽ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർമാർ മുല്ലശ്ശേരി അച്ചന് മെമന്റോ നൽകി ആദരിച്ചു.
മറുപടി പ്രസംഗത്തിൽ റവ. ഡോ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. തനിക്ക് ലഭിച്ച സ്നേഹാദരവിന് എല്ലാവരോടും നന്ദി അറിയിച്ചു. ഹെഡ്മാസ്റ്റർ ജോസ് ജോസഫ് നന്ദി രേഖപ്പെടുത്തി. വിദ്യാർഥികളുടെ കലാപരിപാടികളോടെ ചടങ്ങുകൾ സമാപിച്ചു.

Advertisements

Hot Topics

Related Articles