എടത്വ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയെന്ന വിവരം അറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ ബംഗളുരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്‌മ (27) രണ്ടുദിവസം മുമ്പ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നാലുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഹരീഷ്‌മ മൂന്ന് മാസം ഗർഭിണിയായിരുന്നു.
ഒരു മാസം മുമ്പാണ് സനുക്കുട്ടൻ ജോലിക്കായി ദോഹയിലേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞതോടെ സനുക്കുട്ടൻ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി. ബംഗളുരു വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും അദ്ദേഹം അവിടെയെത്തിയില്ല. തുടർന്ന് ബംഗളുരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ എത്തിയതായി സ്ഥിരീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബന്ധുക്കൾ ബാഗളുരുവിലെത്തി മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. ഇതിനിടെയാണര് ഒരു ലോഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.
വിവാഹശേഷം സനുക്കുട്ടൻ മദ്യപിച്ച് വീട്ടിലെത്തി ഹരീഷ്‌മയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഗാർഹിക പീഡനമാണ് മരണ കാരണമെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഈ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. സനുക്കുട്ടന്റെ വീട്ടിൽ അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവും സഹോദരനും മാത്രമാണുള്ളത്. പിതാവ് നേരത്തെ മരിച്ചിരുന്നു. സനുക്കുട്ടന്റെ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ ബംഗളുരുവിലെ വൈദേഹി ആശുപത്രിയിൽ നടന്നു. മൃതദേഹം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഹരീഷ്‌മയുടെ സംസ്കാരം ഞായറാഴ്ച മാവേലിക്കരയിൽ നടന്നു. അതിനിടെ, സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ സനുകുട്ടന്റെ ബന്ധുക്കളെ ഹരീഷ്‌മയുടെ ബന്ധുക്കൾ തടഞ്ഞ് തിരിച്ചയച്ചിരുന്നു.


