കടുത്തുരുത്തി: അക്ഷര സാക്ഷരതയ്ക്ക് പിന്നാലെ ചരിത്രപരമായ മറ്റൊരു ഡിജിറ്റൽ നവീകരണത്തിന് കടുത്തുരുത്തി മണ്ഡലം സാക്ഷ്യം വഹിക്കുന്നു. മണ്ഡലത്തിൽ നൂറു ശതമാനം എഐ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച വിപ്ലവകരമായ ജനകീയ ദൗത്യമായ ‘AI-IKAM’ (Artificial Intelligence in Kaduthuruthy Advancement Mission) ബഹുമാനപ്പെട്ട ഐടി-വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ചടങ്ങിൽ ഈ മഹത്തായ ജനകീയ ദൗത്യത്തിന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എല്ലാവിധ ആശംസകളും നേർന്നു.
പ്രമുഖ ഐ ടി സാങ്കേതികവിദഗ്ദ്ധൻ അലൻ ആന്റണിയുടെ ‘ആക്സിലറേറ്റെക്സ്’ എന്ന കമ്പനിയുടെ പൂർണ്ണമായ സാങ്കേതിക സഹകരണത്തോടെയാണ് ഈ പദ്ധതിക്കായി പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, അതിന്റെ മാനേജിംഗ് ട്രസ്റ്റി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ കടുത്തുരുത്തിയിൽ രണ്ട് ക്ലാസുകൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ എഐ എന്നത് ഒരു ആഡംബരമല്ല, മറിച്ച് മനുഷ്യന്റെ ചിന്തകളെയും ദൈനംദിന ജോലികളെയും വേഗത്തിലാക്കുന്ന ഒരു നിത്യജീവിത ഉപാധിയാണെന്ന തിരിച്ചറിവിലാണ് ഈ പ്രൊജക്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധാരണക്കാരായ വീട്ടമ്മമാർ, കർഷകർ, സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, ഉദ്യോഗാർത്ഥികൾ എന്നിവരടക്കം സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവർക്കും എഐ സാങ്കേതികവിദ്യയിലൂടെ മികച്ചൊരു വരുമാന മാർഗ്ഗം കൂടി കണ്ടെത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും. എഐ ടൂളുകൾ നിത്യജീവിതത്തിലും ചെറുകിട ബിസിനസ്സുകളിലും കാർഷിക മേഖലയിലും എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കാമെന്ന് ഇതിലൂടെ കൃത്യമായി പഠിപ്പിച്ചു നൽകുന്നു.
സാങ്കേതികവിദ്യ ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിനൊപ്പം തന്നെ, എഐയുടെ ഗുണങ്ങളും ദോഷങ്ങളും കൃത്യമായി വേർതിരിച്ചു മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. എഐ ടൂളുകൾ എങ്ങനെ പഠനത്തിനും ജോലിക്കും സർഗ്ഗാത്മകമായി ഉപയോഗിക്കാമെന്ന് കാണിച്ചുതരുന്നതിനൊപ്പം, വ്യാജ വിവരങ്ങൾ, സൈബർ തട്ടിപ്പുകൾ, ഡീപ്ഫെയ്ക്ക് തുടങ്ങിയ എഐയുടെ മറവിലുള്ള അപകടങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന കൃത്യമായ ഡിജിറ്റൽ ജാഗ്രതയും അവബോധവും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇതിലൂടെ പകർന്നുനൽകും. മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതനിലവാരവും തൊഴിൽസാധ്യതകളും ഉയർത്തിക്കൊണ്ട്, കടുത്തുരുത്തിയെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘സമ്പണ്ണ എഐ സാക്ഷരതാ മണ്ഡലം’ ആയി മാറ്റിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ പ്രൊജക്റ്റ് മുന്നോട്ട് പോകുന്നത്


