കോട്ടയം : വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശി പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി വളളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം ഈസ്റ്റ് നാഷണൽ യു പി സ്കൂൾ ഭാഗത്ത് പെനിയേൽ വീട്ടിൽ നിന്നും കോയമ്പത്തൂർ മേട്ടുപാളയം കാരമടൈ തൊട്ടിപ്പാളയം റോഡിൽ കെ വി എൻ ആർ നഗറിൽ നമ്പർ 9 പൂർവ്വ റെസിഡിൻസിൽ താമസം വില്യം ജോർജി(53)നെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ എസ്.പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മേട്ടുപ്പാളയത്ത് ഒളിവിൽ കഴഞ്ഞിരുന്ന കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് വിദേശ രാജ്യങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. ചിങ്ങവനത്തെ ഒരു പാസ്റ്ററിൽ നിന്ന് മാത്രം ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പ്രതി മേട്ടുപ്പാളയത്തുള്ളതായി പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് ചിങ്ങവനം പോലീസ് സംഘം എത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ എസ്.പ്രദീപ്, എസ്.ഐ എം കൃഷ്ണകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സുമേഷ് കെ.സുധാകരൻ, സാൽവിൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ ജില്ലകളിലും സമാനമായ രീതിയിലുള്ള തട്ടിപ്പ് കേസുകൾ വില്യം ജോർജിനെതിരെ നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിനായി പല പേരുകളിൽ 14-ലധികം സിം കാർഡുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ഇയാളുടെ ചതിയിൽപ്പെട്ട ചിലർ വിദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ ഇയാൾക്ക് എതിരെ നിരവധി തട്ടിപ്പ് കേസുകളുമുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് വിവരം പുറത്ത് വരുമ്പോൾ കൂടുതൽ പേര് പരാതിയുമായി എത്തുമെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം.


