ന്യൂയോർക്ക് : അർജന്റീനയുടെ വെറ്ററൻ താരം നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട കരിയറിനാണ് 38-കാരനായ ഈ സെന്റർ ബാക്ക് വിരാമമിട്ടത്. 2022-ലെ ലോകകപ്പ്, 2021, 2024 കോപ്പ അമേരിക്ക കിരീടനേട്ടങ്ങളില്‍ നീലപ്പടയുടെ പ്രധാന കരുത്തായിരുന്നു ഒട്ടമെൻഡി. അമേരിക്കയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ സ്പെയിനിനോട് അധികസമയത്ത് 1-0 ന് പരാജയപ്പെട്ട മത്സരമാണ് ദേശീയ ടീമിലെ അവസാന പോരാട്ടം.
2009-ല്‍ അരങ്ങേറി 139 മത്സരങ്ങള്‍ കളിച്ച താരം നാല് ലോകകപ്പുകളില്‍ അർജന്റീനയ്ക്കായി ബൂട്ട് കെട്ടി. 2009-ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച ഒട്ടമെൻഡി, അർജന്‍റീന ജേഴ്സിയില്‍ 139 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. നാല് ഫിഫ ലോകകപ്പുകളില്‍ (2010, 2018, 2022, 2026) അർജന്‍റീനയുടെ പ്രതിരോധം നയിച്ചു. ലയണല്‍ മെസിയുടെ നേതൃത്വത്തില്‍ അർജന്‍റീന നേടിയ വമ്പൻ വിജയങ്ങളിലെല്ലാം പ്രതിരോധ നിരയിലെ പ്രധാന സാന്നിധ്യമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂറോപ്യൻ ഫുട്ബോളില്‍ പോർട്ടോ, വലൻസിയ, മാഞ്ചസ്റ്റർ സിറ്റി, ബെൻഫിക്ക എന്നീ മുൻനിര ക്ലബ്ബുകള്‍ക്കായി 16 വർഷത്തോളം കളിച്ച ഒട്ടമെന്‍ഡി അടുത്തിടെയാണ് സ്വന്തം ക്ലബ്ബായ റിവർ പ്ലേറ്റിലേക്ക് തിരിച്ചെത്തിയത്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചെങ്കിലും ക്ലബ്ബ് ഫുട്ബോളില്‍ ഒട്ടമെൻഡി സജീവമായി തുടരും.
വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വികാരനിർഭരമായ കുറിപ്പാണ് ഒട്ടമെൻഡി തന്‍റെ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്:
എന്‍റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ വാക്കുകളാണ് ഞാൻ ഇന്ന് കുറിക്കുന്നത്. വിധി നിശ്ചയിച്ചതുപോലെ എന്‍റെ അവസാന മത്സരം ഒരു ലോകകപ്പ് ഫൈനലായിരുന്നു. ഞങ്ങള്‍ ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും, അവസാന സെക്കൻഡ് വരെ ഈ ടീം സർവ്വതും നല്‍കി പൊരുതിയെന്ന പൂർണ്ണ ബോധ്യത്തോടെ തലയുയർത്തിത്തന്നെ ഞാൻ മടങ്ങുന്നു. ഒരു ലോക ചാമ്പ്യനാവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവസരം നല്‍കിയതിന് നന്ദി അർജന്‍റീന.


