എറണാകുളം – ബാംഗ്ലൂർ വന്ദേഭാരത്‌ ഉടൻ 16 കോച്ചിലേയ്ക്ക് – കോട്ടയത്ത് നിന്നും കണക്ഷൻ ലഭ്യമാക്കണമെന്ന് ആവശ്യം- പാസഞ്ചർ, വൈകുന്നേരത്തെ തിരക്കിനും പരിഹാരം

കൊച്ചി : പഠനജോലി ആവശ്യങ്ങൾക്കായി കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ താമസമാക്കിയവരിൽ നല്ലൊരു ശതമാനം തെക്കൻ ജില്ലയിൽ നിന്നുള്ളവരാണ്. ഓണക്കാലത്ത് നാട്ടിലേയ്ക്കുള്ള യാത്ര എല്ലാവർഷവും ഇവർ നേരിടുന്ന വലിയ ഒരു പ്രതിസന്ധിയാണ്. മൂന്നും നാലും ഇരട്ടി നിരക്കാണ് ഉത്സവകാലത്ത് സ്വകാര്യബസുകൾ ഈടാക്കുന്നത്. എന്നാലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ആ സാഹചര്യത്തിൽ ഓണത്തിന് മുമ്പ് ബാംഗ്ലൂർ – എറണാകുളം വന്ദേഭാരത്‌ 16 കോച്ചിലേയ്ക്ക് ഉയർത്തുമെന്ന റെയിൽവേയുടെ പ്രഖ്യാപനം ബാംഗ്ലൂർ മലയാളികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ്. ഇപ്പോൾ 8 കോച്ചുകൾ ഉപയോഗിച്ചാണ് ബാംഗ്ലൂർ വന്ദേഭാരത് സർവീസ് നടത്തുന്നത്.

Advertisements

രാവിലെ 09.30 ന് കോട്ടയത്ത് എത്തിച്ചേരുന്ന 56005 പാസഞ്ചറിന്റെ റേക്ക് വൈകുന്നേരം 05.20 വരെ പ്ലാറ്റ് ഫോമിൽ വെറുതെ കിടക്കുകയാണ്. രാവിലെ 11.30 ന് കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്ക് ഒരു സർവീസ് നടത്തിയാൽ ജംഗ്ഷനിൽ നിന്നുള്ള വന്ദേഭാരത് അടക്കം നിരവധി ട്രെയിൻ നിരവധി ട്രെയിനിലെ യാത്രക്കാർക്ക് അത് പ്രയോജനപ്പെടുന്നതാണ്. തെക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് എറണാകുളത്തെ ട്രാഫിക് മറികടന്ന് ജംഗ്ഷനിൽ എത്തിച്ചേരുകയെന്നത് വലിയ ഒരു വെല്ലുവിളിയാണ്. അതിനായി അതിരാവിലെ വീടുകളിൽ നിന്ന് പുറപ്പെടേണ്ടി വരുന്നത് മൂലം വന്ദേഭാരതിലൂടെ ലഭിക്കുന്ന സമയലാഭം നഷ്ടപ്പെടുന്നു. മണ്ഡലകാലത്തും ഈ സർവീസ് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഉച്ചയ്ക്ക് 14:20 നാണ് ബാംഗ്ലൂരിലിയ്ക്കുള്ള വന്ദേഭാരത് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് നിന്നുള്ള പാസഞ്ചർ ഉച്ചയ്ക്ക് 13.30 ന് ജംഗ്ഷനിൽ എത്തിച്ചേരുകയും ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ജംഗ്ഷനിൽ നിന്ന് പുറപ്പെടുകയും ചെയ്യുന്ന വിധം ക്രമീകരിച്ചാൽ ബാംഗ്ലൂരിൽ നിന്നുള്ള വന്ദേഭാരതിൽ ഇറങ്ങുന്നവർക്ക് മാത്രമല്ല, എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് ശേഷം ട്രെയിൻ ഇല്ലെന്ന യാത്രക്കാരുടെ പരാതികൾക്കും പരിഹാരമാകുന്നതാണ്. ഇപ്പോൾ വൈകുന്നേരം വേണാടിൽ കയറിപറ്റുകയെന്നത് യാത്രക്കാർ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. 01.55 നുള്ള പരശുറാം കടന്നുപോയാൽ നീണ്ട ഇടവേളയാണ് എറണാകുളത്ത് നിന്നുള്ള തിരക്ക്‌ അനിയന്ത്രിതമായി വർദ്ധിക്കാൻ കാരണമാകുന്നത്. ബാംഗ്ലൂരിൽ നിന്നുള്ള വന്ദേഭാരത്‌ ഉച്ചയ്ക്ക് 01.50 നാണ് ജംഗ്ഷനിൽ എത്തിച്ചേരുന്നത്. തിരിച്ചുള്ള പാസഞ്ചർ മൂന്നുമണിയ്ക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ടാൽ കോട്ടയത്ത് 16.30 ന് എത്തിച്ചേരുകയും പതിവുപോലെ 17:20 ന് 56006 കോട്ടയം – എറണാകുളം പാസഞ്ചറായി സർവീസ് തുടരാനും കഴിയും

എറണാകുളത്തെ വിവിധ ഹോസ്പിറ്റലുകളിലെ ഷിഫ്റ്റ്‌ ഉച്ചയ്ക്ക് രണ്ടുമണിയോടെ അവസാനിക്കും. വിവിധ ഓഫീസ് ആവശ്യങ്ങൾക്കായി എറണാകുളം എത്തിയവരും മറ്റു മാർഗ്ഗമില്ലാതെ ടൗൺ, , തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ മണിക്കൂറോളം ട്രെയിൻ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ബസ് മാർഗ്ഗം രണ്ടര- മൂന്നുമണിക്കൂർ ഓട്ടമാണ് എറണാകുളത്ത് നിന്ന് കോട്ടയത്തേയ്ക്കുള്ളത്. എന്നാൽ ട്രെയിനിൽ ഒരു മണിക്കൂറുകൊണ്ട് എത്തിച്ചേരാമെന്നതിനാൽ രണ്ട് മണികൂറോളം കാത്തുനിൽക്കാനും യാത്രക്കാർ മടി കാണിക്കാറില്ല. ബസ് ചാർജുമായി തട്ടിച്ചുനോക്കുമ്പോൾ ട്രെയിൻ നിരക്കുകൾ പകുതിയെ ആകുന്നുള്ളുവെന്നതും സ്വീകാര്യത വർദ്ധിപ്പിക്കുന്നു.

കാരയ്ക്കൽ – എറണാകുളം എക്സ്പ്രസ്സിന്റെ റേക്ക് ഉപയോഗിച്ചാണ് 56005/06 പാസഞ്ചർ സർവീസുകൾ ഇപ്പോഴും ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ നിരവധി ട്രെയിനുകൾ എൽ.എച്ച്.ബി യിലേയ്ക്ക് മാറ്റുമ്പോൾ ഒഴിവാക്കപ്പെടുന്ന ഐ സി എഫ് കോച്ചുകൾ ഡിവിഷൻ വേണ്ടവിധം പ്രയോജനപ്പെടുത്തില്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം ജില്ലാ പ്രസിഡന്റ് അജാസ് വടക്കേടം ആരോപിച്ചു. ജില്ലയിലൂടെ കടന്നുപോകുന്ന സർവീസുകളിൽ കാലെടുത്ത് വെയ്ക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.. ഈ അവസരത്തിൽ കോട്ടയത്ത് നിന്ന് ഒരു പാസഞ്ചർ എങ്കിലും അനുവദിച്ചാൽ മറ്റുള്ള ട്രെയിനുകളിലെ ഇടിച്ചുകയറ്റത്തിനും അല്പം ആശ്വാസമാകുന്നതാണ്. യാത്രാക്ലേശം പരിഹരിക്കുന്നതിന് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Hot Topics

Related Articles