രാജ്യത്ത് നൂറിൽ രണ്ടുപേർ ഹെപ്പറ്റൈറ്റിസ് ബി,സി ബാധിതരെന്ന് വിദഗ്ധർ

ഫോട്ടോ : ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടി ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിഷ്ണു ഗിരീഷ്, ഡോ. മായ പീതാംബരൻ, ഡോ. അജിത് സി. കുര്യാക്കോസ്, ലക്ഷ്മൺ സേതുരാമൻ, ഡോ. റോയ് ജെ. മുക്കട, ഡോ. സുർത റാം വിഷ്ണോയ് എന്നിവർ സമീപം.

Advertisements

കൊച്ചി: ഇന്ത്യയിൽ നൂറിൽ രണ്ടുപേർ ക്രോണിക് െഹപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി ബാധിതരാണെന്ന് വിദഗ്ധർ. 40 മില്യൺ ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് ബിയും ആറ് മില്യൺ മുതൽ 12 മില്യൺ വരെ ആളുകൾക്ക് ഹെപ്പറ്റൈറ്റിസ് സിയും ബാധിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 280 മില്യൺ ആളുകളിലാണ് ഹെപ്പറ്റൈറ്റിസ് ബി,സി എന്നിവ ബാധിച്ചിട്ടുള്ളത് എന്നും കണക്കുകൾ വിശദീകരിച്ച് അവർ വ്യക്തമാക്കി. ബോധവത്കരണവും കൃത്യസമയത്തെ രോഗനിർണയവും അനിവാര്യമാണെന്നും അവർ വിശദീകരിച്ചു. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടിയിലാണ് ഇത് സംബന്ധിച്ച ചർച്ച ഉയർന്നത്.
വി.പി.എസ് ലേക്‌ഷോര്‍ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി ഉദ്ഘാടനം ചെയ്തു. തിരിച്ചറിയാതെ പോകുന്നതിനാലാണ് പലപ്പോഴും ഹെപ്പറ്റൈറ്റിസ് ഗുരുതരമാകുന്നതിന് കാരണം. കൃത്യമായ ബോധവത്കരണവും പരിശോധനയുമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
2030ഓടെ ഹെപ്പറ്റൈറ്റിസ് ഉന്മൂലനം ചെയ്യുകയെന്നതാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന ലക്ഷ്യമെന്ന് ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്‍റുമായ ഡോ. റോയ് ജെ. മുക്കട പറഞ്ഞു. ഹെപ്പറ്റൈറ്റിസിനെതിരായ വാക്സിനേഷൻ എല്ലാവർക്കും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരീരത്തിൽ പ്രവേശിച്ച് വർഷങ്ങൾ പിന്നിട്ടാലും ഹെപ്പറ്റൈറ്റിസ് ബി,സി വൈറസുകൾ തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ലെന്ന് ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. മായ പീതാംബരൻ വ്യക്തമാക്കി. അതിനാൽ സ്ക്രീനിംഗ് അനിവാര്യമാണ്. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഇത് പകരാം. അണുവിമുക്തമാക്കാത്ത സിറിഞ്ചുകൾ, ടാറ്റു ചെയ്യുന്ന സൂചി എന്നിവയുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയിലൂടെയും വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്ന് ഡോ. മായ വ്യക്തമാക്കി.
ഹെപ്പറ്റൈറ്റിസ് എ,ഇ എന്നിവ ഭക്ഷണം വെള്ളം എന്നിവ വഴിയാണ് പകരുന്നതെന്ന് ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. അജിത് സി. കുര്യാക്കോസ് വ്യക്തമാക്കി. പലപ്പോഴും വൈറൽ പനിയിലൂടെയായിരിക്കും ഹെപ്പറ്റൈറ്റിസ് എ,ഇ എന്നിവയുടെ തുടക്കം. പനി കുറയുമ്പോൾ മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷ‍ണങ്ങളുണ്ടാകും. കൃത്യമായ ചികിത്സയിലൂടെ 99 ശതമാനം ആളുകളിലും രോഗം ഭേദമാകും. എന്നാൽ ലിവർ സിറോറിസ് ബാധിതർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹെപ്പറ്റൈറ്റിസ് ബാധിതർക്ക് നല്ല ഭക്ഷണവും വിശ്രമവും അനിവാര്യമാണെന്ന് ആശുപത്രിയിലെ ഹെപ്പറ്റോളജി സർവിസസ് ഇൻചാർജും കൺസൾട്ടന്‍റുമായ ഡോ. വിഷ്ണു ഗിരീഷ് പറഞ്ഞു. അനാവശ്യ മരുന്നുകളുടെ ഉപയോഗം പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം. പ്രായപൂർത്തിയായവർ ഒരിക്കലെങ്കിലും ഹെപ്പറ്റൈറ്റിസ് ബി,സി പരിശോധന നടത്തേണ്ടതാണ്. പരിശോധന ഫലം പോസിറ്റീവാണെങ്കിൽ വിദഗ്ധ ഡോക്ടറുടെ നിർദേശാനുസരണം ചികിത്സ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് നന്ദി പറഞ്ഞു. ഗ്രൂപ്പ് സി.ഒ.ഒ ലക്ഷ്മൺ സേതുരാമൻ, ഗ്യാസ്ട്രോഎന്‍ററോളജി സീനിയർ കൺസൾട്ടന്‍റ് ഡോ. പ്രദീപ് ജോർജ് മാത്യു, കോംപ്രഹെൻസിവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ കൺസൾട്ടന്‍റ് ഡോ. ഫദ്ൽ എച്ച്. വീരാൻകുട്ടി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles